സത്യസന്ധതയുണ്ടെങ്കില്‍ യുഡിഎഫ് നുണ പറയാതെ പരാതി നല്‍കണം; മാസപ്പടി ആരോപണത്തില്‍ ജെയ്ക്

കോട്ടയം: മാസപ്പടി ആരോപണത്തില്‍ പ്രതികരണവുമായി പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. വസ്തുതയുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കോണ്‍ഗ്രസ് പരാതി കൊടുക്കട്ടെ. ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന് കേന്ദ്ര ഏജന്‍സികളെയായിരുന്നു വിശ്വാസം. സത്യസന്ധതയുണ്ടെങ്കില്‍ യുഡിഎഫ് നുണ പറയാതെ പരാതി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി വ്യാജ ആരോപങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിച്ചെന്നും അത്തരം ആരോപണങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങളുടെ സ്നേഹ സമ്പൂര്‍ണമായ പ്രതികരണം ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രചാരണം നന്നായി പോകുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലായിടത്തും ഓടിയെത്തുകയാണ് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അഭൂതപൂര്‍ണമായ മാറ്റത്തിന് മണ്ഡലം തയ്യാറെടുക്കുന്നുവെന്നും ജെയ്സ് സി തോമസ് പ്രതികരിച്ചു. ഇവിടെ മത്സരത്തിന്റെയോ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെയോ ആവശ്യമില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. ഏകപക്ഷിയമായി യുഡിഎഫ് അര ലക്ഷം വോട്ടിനെങ്കിലും വിജയിച്ചുകേറുന്ന അവസ്ഥയാണെന്നായിരുന്നു പ്രതികരണം. പക്ഷെ ഇപ്പോള്‍ സാഹചര്യം മാറി. തെരെഞ്ഞടുപ്പ് എന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും ജെയ്സ് സി തോമസ് പറഞ്ഞു.

എന്‍എസ്എസിന്റെ വോട്ടുകള്‍ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളുടെയും വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതൊരു തിണ്ണ നിരങ്ങല്‍ ഏര്‍പ്പാടല്ല. മുഖ്യമന്ത്രി 24ന് മണ്ഡലത്തിലെത്തും, കൂടാതെ 31 നും ഒന്നിനും മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളെ കാണും. കോണ്‍ഗ്രസിന്റെ സൈബര്‍ സംഘങ്ങളാണ് തനിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് പ്രചരിപ്പിച്ചത്. അച്ഛനും ചേട്ടനുമാണ് ദീര്‍ഘകാലമായി ചെരുപ്പ് നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരുന്നതെന്നും ജെയ്സ് സി തോമസ് പറഞ്ഞു.

Top