കൊച്ചി: സിപിഐഎം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ മെട്രോ പണിയാന്‍ ഡിഎംആര്‍സി വരില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മെട്രൊമാന്‍ ഇ.ശ്രീധരന്‍.
കൊച്ചി ഡിഎംആര്‍സി ഓഫിസില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സിപിഐഎം ജില്ലാസെക്രട്ടറി പി.രാജീവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രൊ നടപ്പാക്കാന്‍ പി. രാജീവിന്റെ നേതൃത്വത്തില്‍ സി പി ഐ എം ആദ്യം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. അന്ന് അത് എന്തിനാണെന്ന് തനിക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ സി പി ഐ എം നടത്തിയ മനുഷ്യ ചങ്ങലയുടെ പ്രാധാന്യം മനസിലാകുന്നുണ്ടെന്ന് മെട്രോമാന്‍ വ്യക്തമാക്കി.
മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ മെട്രൊ നടപ്പാക്കാന്‍ ഡിഎംആര്‍സിയെ കിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഉദ്ദേശ ശുദ്ധിയാണ് പ്രധാനമെന്നും മെട്രോമാന്‍ വിവരിച്ചു. സി പി ഐ എം സമരത്തിന്റെ ഉദ്ദേശം മെട്രോ അഴിമതി രഹിതമാക്കലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കൊച്ചി മെട്രൊയുടെ നിര്‍മ്മാണം ഡിഎംആര്‍സിക്ക് നല്‍കാതിരിക്കാനും ശ്രീധരനെ മാറ്റിനിര്‍ത്താനും തുടക്കത്തിന്‍ ശ്രമമുണ്ടായപ്പോള്‍ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ആ നീക്കം നടക്കാതെ പോയിരുന്നത്.
ഭരണതലത്തിലെ ചിലര്‍ ഇടപെട്ട് നടത്തിയ ഈ നീക്കത്തിനെതിരെ സിപിഎം രംഗത്തിറങ്ങിയതിനെതുടര്‍ന്ന് മറ്റു പാര്‍ട്ടികള്‍ക്കും സമാന നിലപാട് സ്വീകരിക്കേണ്ടി വന്നിരുന്നു.