കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് തൃക്കാക്കരയില്‍ നടക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ്സിന്റെ കോട്ടയായി അറിയപ്പെടുന്ന ഈ മണ്ഡലം എന്ത് വില കൊടുത്തും കാത്തു സൂക്ഷിക്കാനാണ് യു.ഡി.എഫ് നീക്കം. ഇടതുപക്ഷമാകട്ടെ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന എല്ലാ ആരോപണങ്ങള്‍ക്കും തൃക്കാക്കരയിലൂടെ ഒരു മറുപടിയാണ് ആഗ്രഹിക്കുന്നത്. ബി.ജെ.പിയും പരമാവധി വോട്ടുകള്‍ ശേഖരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായാണ് എല്ലാവരും കാത്തു നില്‍ക്കുന്നത്. അധികം താമസിയാതെ തന്നെ അതുണ്ടാകുമെന്നാണ് സൂചന.
തൃക്കാക്കരയിലെ ഒഴിവ് സംബന്ധിച്ച്, നിയമസഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. മറ്റു ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തൃക്കാക്കരയിലും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളും കണക്കു കൂട്ടുന്നത്. വോട്ടര്‍ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ജില്ലാ ആസ്ഥാനത്ത് ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.
കഴിഞ്ഞ രണ്ടു തവണയും തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി തോമസിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിന സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും മുന്നോട്ട് വയ്ക്കുന്നത്. വി.ഡി സതീശനും കെ സുധാകരന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കും ഈ നിലപാടാണ് ഉള്ളത്. സഹതാപ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം അവര്‍ നടത്തുന്നത്. എന്നാല്‍ മറ്റൊരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തും അണിയറയില്‍ ചരടുവലി തുടങ്ങിയിട്ടുണ്ട്.
ഇതിനു കാരണം ഉമയോടുള്ള എതിര്‍പ്പല്ല പി.ടി ഇതുവരെ ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്ക് എതിരാകും ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വമെന്നതാണ് ഈ വിഭാഗത്തിന്റെ നിലപാട്. ഗോഡ് ഫാദറില്ലാതെ സ്വന്തം നിലക്കാണ് രാഷ്ട്രീയത്തില്‍ പി.ടി കടന്നു വന്നിരിക്കുന്നത്. സിറ്റിംഗ് ജനപ്രതിനിധികള്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബാഗങ്ങള്‍ക്ക് സീറ്റു നല്‍കുന്ന നിലപാടിനോട് വ്യക്തിപരമായി വിയോജിപ്പുള്ള നേതാവ് കൂടിയായിരുന്നു പി.ടി തോമസ്. അദ്ദേഹത്തിന്റെ ഈ നിലപാടിനു വിരുദ്ധമായ ഒരു തീരുമാനം ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായാല്‍ ഒരു പക്ഷേ ഉമയും വഴങ്ങിയേക്കും. ഇക്കാര്യത്തില്‍ ഇതുവരെ അവര്‍ മനസ്സു തുറക്കാത്തത് മാത്രമാണ് നേതൃത്വത്തിന്റെ ആശ്വാസം.
പി.ടി. തോമസിന്റെ ഉറ്റസുഹൃത്തായ മുന്‍ അംബാസഡര്‍ വേണു രാജാമണി മുതല്‍ മുന്‍ മേയര്‍ ടോണി ചമ്മണി വരെയുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദ്ദേശവും കോണ്‍ഗ്രസ്സില്‍ ശക്തമാണ്. ഡി.സി.സി പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് എന്നിവരുടെ പേരുകളും സജീവമാണ്. ഇടതു മുന്നണിയിലാകട്ടെ സി.പി.എമ്മിന്റെ സീറ്റാണ് തൃക്കാക്കര. കഴിഞ്ഞ തവണ സി.പി.എം സ്വതന്ത്രന്‍ ഡോ.ജെ. ജേക്കബാണ് മത്സരിച്ചത്.
ഇത്തവണ ആര് മത്സരിക്കുമെന്നത് വ്യക്തമല്ലങ്കിലും, വിജയം ഉറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന ചിന്ത, ഇടതു നേതാക്കള്‍ക്കുണ്ട്. യുവ നിരയില്‍ നിന്നും ശക്തനായ സ്ഥാനാര്‍ത്ഥി വരാനുള്ള സാധ്യത, രാഷ്ട്രീയ നിരീക്ഷകരും തളളിക്കളയുന്നില്ല. പാര്‍ട്ടി സി.പി.എം ആയതിനാല്‍, അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയുണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കോണ്‍ഗ്രസ്സ് കോട്ട തകര്‍ക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ത്ഥി തന്നെ തൃക്കാക്കരയില്‍ ഉണ്ടാകുമെന്ന ഉറപ്പാണ്, ഇതു സംബന്ധിച്ച് സി.പി.എം നേതൃത്വം അണികള്‍ക്ക് നല്‍കുന്നത്.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മാത്രം നടന്നിട്ടുള്ള മണ്ഡലമാണ് തൃക്കാക്കര. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. ജെ. ജേക്കബിനെ, 14,329 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ്, പി.ടി. തോമസ് മണ്ഡലം നിലനിര്‍ത്തിയിരുന്നത്. പഠനകാലം മുതല്‍ എറണാകുളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി.ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങളും, ഈ ജയത്തിനു പ്രധാന കാരണമാണ്.
തൃപ്പൂണിത്തുറ എറണാകുളം മണ്ഡലങ്ങളില്‍ നിന്നു ചില ഭാഗങ്ങള്‍ വീതം ചേര്‍ത്തു 2011ല്‍ രൂപീകരിച്ച മണ്ഡലമാണ് തൃക്കാക്കര. 2011ലും 2016ലും ജയം അനുഗ്രഹിച്ചതും യുഡിഎഫിനെ തന്നെയായിരുന്നു. 2011ലെ ആദ്യ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അന്ന് സിപിഎമ്മിലെ എം.ഇ ഹസൈനാരെയാണ് ബെന്നി വീഴ്ത്തിയിരുന്നത്. പിന്നീടു 2014ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും, മണ്ഡലം യുഡിഎഫിനൊപ്പം തന്നെയാണ് നിന്നിരുന്നത്. കെ.വി.തോമസിനു തൃക്കാക്കര നല്‍കിയ ഭൂരിപക്ഷം 17,314 വോട്ടുകളായിരുന്നു.
കോണ്‍ഗ്രസ്സ് തങ്ങളുടെ കോട്ടയായി കരുതുമ്പോഴും ഇടതുപക്ഷത്തിനും ഈ മണ്ഡലത്തില്‍ പ്രതീക്ഷകള്‍ ഏറെയാണ്. പി.ടി തോമസ് കഴിഞ്ഞ തവണ നേടിയ 14,329 വോട്ടിന്റെ ഭൂരിപക്ഷം ഉപതിരഞ്ഞെടുപ്പില്‍ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്.ക്രൈസ്തവ-മുസ്ലീം-ഹിന്ദു വിഭാഗങ്ങള്‍ക്ക് നല്ല സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. യു.ഡി.എഫിനെ സംബന്ധിച്ച് മണ്ഡലം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. മണ്ഡലം കൈവിട്ടാല്‍ അത് യു.ഡി.എഫിന് ഉണ്ടാക്കുന്ന പ്രഹരം ചിന്തിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരിക്കും. വി.ഡി സതീശന്‍ – കെ.സുധാകരന്‍ കൂട്ടുകെട്ടിന്റെ കഴിവുകൂടി മാറ്റുരയ്ക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്.
തിരിച്ചടി നേരിട്ടാല്‍ ഇവരുടെ നേതൃത്വം കൂടിയാണ് അത് ചോദ്യം ചെയ്യപ്പെടുക. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുമായുള്ള തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ അതും തൃക്കാക്കരയില്‍ പ്രതിഫലിക്കാനാണ് സാധ്യത. സി.പി.എമ്മിലാകട്ടെ പാര്‍ട്ടി ഏത് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാലും ഒറ്റക്കെട്ടായി രംഗത്തിറങ്ങാനാണ് അണികള്‍ കാത്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് മണ്ഡലമാണെങ്കിലും ശക്തമായ സംഘടനാ കരുത്ത് തൃക്കാക്കരയില്‍ സി.പി.എമ്മിനുണ്ട്. ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താല്‍ സംസ്ഥാനത്തെ യു.ഡി.എഫിന്റെ പല പരമ്പരാഗത കോട്ടകള്‍ തകര്‍ത്ത പാരമ്പര്യവും സി.പി.എമ്മിനു അവകാശപ്പെടാനുള്ളതാണ്. ചെമ്പടയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന കണക്കാണിത്.
EXPRESS KERALA VIEW