ന്യൂഡല്‍ഹി: വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
തങ്ങള്‍ അധികാരത്തിലേറിയാല്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഉത്പാദന മേഖലകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും വികസനത്തിനുമായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബര്‍ലിനില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഭരണം സുഗമമായി നടക്കുന്നതിന് വേണ്ട പിന്തുണ നല്‍കുന്ന രീതിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഭരണസ്തംഭനത്തിന് ഇത് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രാധികാരം പോലും മോദി ഭരണത്തിന്‍ കീഴില്‍ ഹനിക്കപ്പെടുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചര്‍ത്തു.