തിരുവനന്തപുരം: ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള ആരാധകരുടെ സോഷ്യൽ മീഡിയ വാദ പ്രതിവാദങ്ങളോട് പ്രതികരിച്ച് സഞ്ജു സാംസൺ. ഋഷഭ് പന്തിനും കെ.എൽ രാഹുലിനുമെല്ലാം പകരം താൻ ടീമിലെത്തുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. എന്നാൽ, അവരോട് മത്സരിക്കാൻ നിൽക്കുന്നത് ടീമിനു തിരിച്ചടിയാകുമെന്നും സഞ്ജു വ്യക്തമാക്കി. വേൾഡ് ക്രിക്കറ്റ് ചാനലിലാണ് താരത്തിന്റെ പ്രതികരണം.
”സഞ്ജു ആർക്കൊക്കെ പകരം ടീമിലെത്തണമെന്നതിനെക്കുറിച്ച് ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പലതരം ചർച്ച നടക്കുന്നുണ്ട്. ഋഷഭ് പന്തിനും കെ.എൽ രാഹുലിനുമെല്ലാം പകരം ടീമിലെത്തണമെന്നു പറയുന്നു. എന്നാൽ, എന്റെ ആലോചന വളരെ വ്യക്തമാണ്. രാഹുലും പന്തും എന്റെ സ്വന്തം ടീമിനാണ് കളിക്കുന്നത്. എന്റെ സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാൻ നിന്നാൽ അത് എന്റെ സ്വന്തം രാജ്യത്തിന്റെ ടീമിനാണ് തിരിച്ചടിയാകുക.”-സഞ്ജു അഭിപ്രായപ്പെട്ടു.
അഞ്ചു വർഷത്തിനുശേഷം ദേശീയ ടീമിൽ തിരിച്ചെത്താനായത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. അഞ്ചു വർഷം മുൻപും ഇപ്പോഴും ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ ടീമാണ്. ഇത്തരമൊരു ടീമിന്റെ മികച്ച 15 പേരിൽ ഉൾപ്പെടാൻ കഴിയുന്നത് വലിയ കാര്യമാണ്. എന്നാൽ, അതോടൊപ്പം സ്വന്തം കാര്യവും ആലോചിക്കണം. ക്രിയാത്മകമായും ശരിയായ രീതിയിലും ചിന്തിക്കുക വളരെ പ്രധാനമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.