ന്യൂഡല്‍ഹി: മദ്യ ലഹരിയില്‍ വാഹനമോടിച്ച് ആളുകളുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ നല്‍കാനൊരുങ്ങി സര്‍ക്കാര്‍.
നിലവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ.
കുറ്റകൃത്യത്തിനു നല്‍കുന്ന പിഴ അപര്യാപ്തമാണെന്നും ശിക്ഷ കൂടുതല്‍ കഠിനമാക്കണമെന്നും സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ വിഷയം പരിഗണിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് കുറ്റകരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് 10 വര്‍ഷം കഠിന തടവുനല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
മാത്രമല്ല, വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് യാത്രയ്ക്കുപയോഗിക്കുന്ന വാഹനങ്ങളില്‍ ഭൂരിഭാഗത്തിനും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ല.
ഇവയില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്.
ഇത്തരം വാഹനങ്ങളിടിച്ച് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനെ ബാധിക്കുമെന്നതിനാലാണ് ഇവ നിര്‍ബന്ധമാക്കുന്നത്.