തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാനവീയം വീഥിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. കലാഞ്ജലി ഫൗണ്ടേഷന്‍ ഡയറക്ടര്‍ സൗമ്യ സുകുമാരനാണ് മോഹിനിയാട്ടം അവതരിപ്പിച്ചത്. സത്യഭാമ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ വ്യപക പ്രതിഷേധമാണ് ഉയരുന്നത്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം. അതേസമയം സോഷ്യല്‍ മീഡിയ ഒന്നടങ്കം രാമകൃഷ്ണന് പിന്തുണയറിയിച്ചെത്തിയിരിക്കുകയാണ്. നിരവധി പ്രമുഖരും രാമകൃഷ്ണന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
‘കലയ്ക്ക് നിറവും മതവും നല്‍കിയാല്‍ പ്രതിഷേധം കലയിലൂടെ തന്നെ നല്‍കും. മണിച്ചേട്ടനുമായി നേരത്തെ നല്ല ബന്ധമുണ്ടായിരുന്നു. രാമകൃഷ്ണന്‍ വന്ന വഴി എല്ലാവരും കണ്ടതാണ് അപ്പോള്‍ അങ്ങനെയൊരു കലാകാരന് മേല്‍ ആക്ഷേപം ഉണ്ടാകുമ്പോള്‍ വിഷമം തോന്നി. എന്ത് വൈരാഗ്യം ഉണ്ടെങ്കിലും ഒരാളെ ഇങ്ങനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കാന്‍ പാടില്ല. കാക്കയെപ്പോലിരുന്നാലും എല്ലാ അമ്മമാര്‍ക്കും സ്വന്തം മക്കള്‍ പൊന്നു പോലെ ആയിരിക്കും. വിദ്യ പഠിക്കാന്‍ വരുന്നവരെ സ്വന്തം മക്കളായി കാണാന്‍ കഴിയുന്നില്ലെങ്കില്‍ ആ പണി ചെയ്യരുത്. ടീച്ചറിനെ രണ്ട് മൂന്ന് ദിവസത്തെ പരിചയം ഉണ്ട്. അന്ന് മുതലേ ടീച്ചറുടെ പദപ്രയോഗങ്ങള്‍ ഇത്തരം ശൈലിയിലാണ്. ടീച്ചര്‍ക്ക് അത് ഒരിക്കലും മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആര്‍എല്‍വി രാമകൃഷ്ണന്, മോഹിനിയാട്ടം കളിച്ചു തന്നെ ഐക്യദാര്‍ഢ്യം’ എന്ന് സൗമ്യ സുകുമാരന്‍ പറഞ്ഞു.ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാമകൃഷ്ണനായി ഐകൃദാര്‍ഢ്യ കൂട്ടായ്മകളും രം?ഗത്തെത്തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ രാമകൃഷ്ണന് സംസ്ഥാന മോഹിനിയാട്ടം വേദികള്‍ ഒരുക്കും എന്നറിയിച്ചിട്ടുണ്ട്.