കോഴികോട്: ഗ്രോ വാസുനിനെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോയ് മാത്യു. കരുളായിയില്‍ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലാണ് കൊന്നതെന്ന് പറഞ്ഞത് സിപിഐക്കാരാണെന്നും എന്നാല്‍ ഇപ്പോള്‍ സിപിഐ വാലും ചുരുട്ടി മിണ്ടാതിരിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു. ഗ്രോ വാസുവിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. വ്യാജ ഏറ്റുമുട്ടലുണ്ടായെന്ന് പറഞ്ഞതാണ് ഗ്രോ വാസു ചെയ്ത കുറ്റം. അനീതിക്കെതിരായി ആരെങ്കിലും പറഞ്ഞാല്‍ കേസില്‍ പെടുത്തി അകത്താക്കുകയാണ്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ എന്താണ് കുഴപ്പമെന്നും ജോയ് മാത്യു ചോദിക്കുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള ജനകീയ മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്ന നാടാണിതെന്ന് മറക്കരുതെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ജാമ്യമെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും ജാമ്യമെടുക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കോടതിയെ വാസു അറിയിച്ചു. അതോടെ കോടതി വാസുവിന്റെ റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് തന്റെ പോരാട്ടം കോടതിയോടല്ല ഭരണകൂടത്തോടാണെന്ന് ഗ്രോ വാസു പ്രതികരിക്കുകയും ചെയ്തിരുന്നു.