പ്രേക്ഷകര്‍ എന്തുപറയും എന്ന് വിചാരിച്ചാല്‍; ചെയ്യാനാഗ്രഹിക്കുന്നതൊന്നും ചെയ്യാന്‍ സാധിക്കില്ല; തൃപ്തി ദിമ്രി

ടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസില്‍ വളരെ വിജയമാവുകയും എന്നാല്‍ വിമര്‍ശനങ്ങള്‍ ഏറെ ഏറ്റു വാങ്ങുകയും ചെയ്ത ബോളിവുഡ് ചിത്രമാണ് അനിമല്‍. തെലുങ്ക് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ഈ രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായികയെങ്കിലും തൃപ്തി ദിമ്രി അവതരിപ്പിച്ച വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ രണ്‍ബീറുമൊത്തുള്ള ഒരു കിടപ്പറ രംഗത്തിന്റ പേരില്‍ വലിയ സോഷ്യല്‍ മീഡിയ ആക്രമണവും തൃപ്തിക്കുനേരെ ഉണ്ടായിരുന്നു. ഇക്കാര്യത്തേക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് തൃപ്തി ദിമ്രി.

വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അനിമല്‍ എന്ന ചിത്രം ഇറങ്ങിയതിനുശേഷം താന്‍ കടന്നുപോയ സോഷ്യല്‍ മീഡിയാ വിചാരണയേക്കുറിച്ചും അതിനെ നേരിട്ടതിനേക്കുറിച്ചും തൃപ്തി ദിമ്രി തുറന്നുപറഞ്ഞത്. ഒരു സിനിമ ചെയ്യുമ്പോള്‍ തനിക്ക് തന്റേതായ കാരണങ്ങളുണ്ടാവുമെന്ന് തൃപ്തി പറഞ്ഞു. അനിമലിലെ തന്റെ വേഷം ചെറുതാണെന്നതിനേക്കുറിച്ച് സംവിധായകന്‍ സന്ദീപ് റെഡ്ഡിക്ക് വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന് ചില പ്രത്യേകതകളുള്ളതായി തനിക്ക് തോന്നി. പ്രേക്ഷകര്‍ എന്തുപറയും എന്നെല്ലാംനോക്കി തീരുമാനങ്ങളെടുക്കാന്‍ തുടങ്ങിയാല്‍ അഭിനേതാക്കളെന്ന നിലയില്‍ നമ്മള്‍ ചെയ്യാനാഗ്രഹിക്കുന്നതൊന്നും ഒരിക്കലും ചെയ്യാന്‍ സാധിക്കില്ലെന്നും നടി വ്യക്തമാക്കി.

സിനിമ കണ്ടതിനുശേഷം മാതാപിതാക്കള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നും തൃപ്തി ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. ”ആ രംഗം കണ്ടപ്പോള്‍ എന്റെ അച്ഛനുമമ്മയും അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രമിച്ചു. ആ രംഗത്തിന്റെ പ്രസക്തിയേക്കുറിച്ച് ഒരു നീണ്ട ചര്‍ച്ചതന്നെ വേണ്ടിവന്നു. എന്നിരുന്നാലും അവര്‍ എന്നെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചു. ലൈലാ മജ്‌നു എന്ന ആദ്യചിത്രം പുറത്തിറങ്ങിയശേഷം കുടുംബത്തിലെ ഒരു പരിപാടിക്കിടെ വേദിയിലേക്ക് ക്ഷണിച്ചു. മറ്റുള്ളവര്‍ക്ക് എന്നെ പരിചയപ്പെടുത്താനായിരുന്നു അതെങ്കിലും ഞാനാകെ ശൂന്യമായ അവസ്ഥയിലായിരുന്നു. പൊതുവിടത്തില്‍ മറ്റുള്ളവരുടെ നോട്ടങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുമ്പോഴുള്ള ബുദ്ധിമുട്ട് മാറ്റിയെടുക്കാന്‍ പിന്നെയും സമയമെടുത്തു.” അവര്‍ കൂട്ടിച്ചേര്‍ത്തു.

അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ക്കുശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനംചെയ്ത ചിത്രമായിരുന്നു അനിമല്‍. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ആയിരംകോടിക്കടുത്താണ് ചിത്രം ആഗോളതലത്തില്‍ വാരിക്കൂട്ടിയത്. ബോബി ഡിയോള്‍, അനില്‍ കപുര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

Top