മാഡ്രിഡ് : ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ റിലീസ് തുകയായി 750 മില്യണ്‍ യൂറോയെങ്കിലും നല്‍കണമെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസ്. മോഡ്രിച്ച് ക്ലബ് വിടുമെന്ന അഭ്യൂഹത്തില്‍ പ്രതികരിക്കുകയായിരുന്നു പെരസ്. ഇതോടെ മുപ്പത്തിരണ്ടുകാരനായ താരത്തെ മറ്റ് ക്ലബുകള്‍ക്ക് സ്വന്തമാക്കാനാവില്ല എന്ന സന്ദേശമാണ് പെരസ് നല്‍കിയിരിക്കുന്നത്.
പെരസിന്റെ പ്രതികരണത്തോടെ താരത്തെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്ന ക്ലബുകളുടെ പ്രതീക്ഷകള്‍ മങ്ങുകയാണ്. റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച താരം ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. നിലവില്‍ 2020വരെ താരത്തിന് സ്പാനിഷ് ക്ലബുമായി കരാറുണ്ട്. 2012 മുതല്‍ മാഡ്രിഡിലുള്ള മോഡ്രിച്ച് 166 മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞു.
പെരസ് പറഞ്ഞിരിക്കുന്ന ട്രാന്‍സഫര്‍ തുക നിലവിലെ റെക്കോര്‍ഡ് തുകയുടെ മൂന്നിരട്ടിയിലധികമാണ്. ഇതോടെയാണ് മോഡ്രിച്ചിനെ സ്വന്തമാക്കാനുള്ള ക്ലബുകളുടെ ശ്രമം വിഫലമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനാണ് മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നവരില്‍ പ്രമുഖര്‍.