ഇന്ത്യക്ക് പറ്റിയ വീഴ്ച അറിയണമെങ്കിൽ കമ്മ്യൂണിസ്റ്റ് വിയറ്റ്നാമിനെ അറിയണം

പോരാളികളുടെ രാജ്യമാണ് വിയറ്റ്‌നാം. ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞവരില്‍ സാക്ഷാല്‍ അമേരിക്കയും ഉള്‍പ്പെടും.

പിടഞ്ഞ് വീണ പതിനായിരങ്ങളുടെ ഓര്‍മ്മകളാണ് ഇന്നും ഈ പോരാളികളുടെ കരുത്ത്. ആവേശപൂര്‍വ്വം അവര്‍ നെഞ്ചേറ്റുന്ന നേതാവാകട്ടെ ഹോചിമിനുമാണ്. ജീവിച്ചിരിക്കെ തന്നെ സ്വന്തം ജനതയുടെ ഇതിഹാസ പുരുഷനായ അപൂര്‍വ്വ വ്യക്തിത്വമാണ് ഈ കമ്മ്യൂണിസ്റ്റിന്റേത്. ഹോചിമിന്റെ ജീവിതം ആധുനിക വിയറ്റ്‌നാമിന്റെ ചരിത്രം കൂടിയാണ്. പടയോട്ടങ്ങളുടെയും ചെറുത്ത് നില്‍പ്പിന്റെയും തുടര്‍ക്കഥയാണ് വിയറ്റ്‌നാമിനുള്ളത്.

കടന്നാക്രമണങ്ങളെയെല്ലാം ചെറുത്ത് തോല്‍പ്പിച്ച വിയറ്റ്‌നാം ഇന്ന് ലോകത്തിന് തന്നെ അത്ഭുതമാണ്. അതിജീവനം എങ്ങനെയാണെന്ന് പ്രവര്‍ത്തിയിലൂടെയാണ് ഈ കൊച്ചു രാജ്യം കാട്ടി തന്നിരിക്കുന്നത്.

1986-ല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഒരു സാമ്പത്തിക ശക്തി എന്ന നിലയിലേക്കാണ് വിയറ്റ്‌നാമിനെ ഉയര്‍ത്തിയിരിക്കുന്നത്.

വന്‍തോതിലുള്ള വിദേശ നിക്ഷേപവും വ്യാവസായിക – കാര്‍ഷിക മേഖലകളിലെ കുതിച്ചുചാട്ടവും വിയറ്റ്‌നാമിന്റെ മുഖചിത്രമാണ് മാറ്റി എഴുതിച്ചിരിക്കുന്നത്. ലോകത്തെ തന്നെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള രാജ്യം കൂടിയാണിത്.

പത്തുകോടിക്കടുത്ത് ജനങ്ങളാണ് നിലവില്‍ വിയറ്റ്‌നാമിലുള്ളത്. കൃത്യമായി പറഞ്ഞാല്‍ 2019-2020ലെ യു.എന്‍ കണക്ക് പ്രകാരം 97,338,579 ആണ് ഇവിടുത്തെ ജനസംഖ്യ.

മുന്‍കാല മലയാളികളുടെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥിതിയാണ് വിയറ്റ്‌നാം ഇന്നും പിന്തുടരുന്നത്.

ഇവിടെ സര്‍വ്വ മേഖലകളിലും സ്ത്രീ സാന്നിധ്യവും ശക്തമാണ്.

കോവിഡിനെതിരായ ചെറുത്ത് നില്‍പ്പിന്റെ കാര്യത്തിലും ലോകത്തിന് അത്ഭുതമായിരിക്കുകയാണിപ്പോള്‍ ഈ കൊച്ചുരാജ്യം.

ഒരൊറ്റ മരണം പോലും കോവിഡ് ബാധിച്ച് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2020 ജൂണ്‍ 12 ലെ കണക്ക് പ്രകാരം 338 കോവിഡ് കേസുകളാണ് വിയറ്റ്‌നാമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗവിമുക്തി നേടിയതാകട്ടെ 321 പേരുമാണ്.

ചൈനയില്‍ നിന്നും ഏറ്റവും വേഗം വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള രാജ്യത്താണ് ഈ അതിജീവനം. ചൈനയുമായി 1,100 കിലോമീറ്റര്‍ നീളത്തിലാണ് വിയറ്റ്‌നാം അതിര്‍ത്തി പങ്കിട്ടുവരുന്നത്.

ചൈനയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉടനെ തന്നെ വൈറസിനെതിരായ യുദ്ധപ്രഖ്യാപനമാണ് വിയറ്റ്‌നാം നടത്തിയത്. കമ്യൂണിസ്റ്റു പാര്‍ട്ടി യോഗത്തിന് ശേഷം പ്രധാനമന്ത്രി ന്യൂയെന്‍ ഷുവാന്‍ ഫൂക് സ്വീകരിച്ച നടപടികള്‍ എടുത്ത് പറയേണ്ടതാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നു അത്.

മെഡിക്കല്‍ സംവിധാനങ്ങളുടെ പരിമിതി മറികടക്കാന്‍ അതിവേഗ പ്രതിരോധമാണ് നടപ്പാക്കിയിരുന്നത്. ക്വാറന്റൈനും ശക്തമായിരുന്നു. രാജ്യത്ത് 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ നഗരങ്ങളില്‍ മൂന്നാഴ്ചയാണ് ക്വാറന്റൈന്‍ നടപ്പാക്കിയത്.

വിയറ്റ്‌നാം കൈവരിച്ച നേട്ടം ഒരു യാദൃച്ഛികതയല്ല. വളരെ പ്ലാന്‍ ചെയ്ത് ക്രമാനുഗതമായി നടപ്പില്‍ വരുത്തിയ രോഗപ്രതിരോധ പദ്ധതികളുടെ പ്രവര്‍ത്തനവിജയമാണിത്. വിയറ്റ്‌നാമില്‍ ആദ്യത്തെ കോവിഡ് കേസ് പ്രത്യക്ഷപ്പെടുന്നത് ഹോ ചിമിന്‍ സിറ്റിയില്‍ ജനുവരി 23 -നാണ്.

ലക്ഷക്കണക്കിന് പൗരന്മാരെ ടെസ്റ്റുചെയ്ത ദക്ഷിണകൊറിയന്‍ നയം പിന്തുടരാനുളള സാമ്പത്തികം വിയറ്റ്‌നാമിന് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ടെസ്റ്റിങ് കിറ്റുകള്‍ വിവേചനബുദ്ധ്യാ പ്രയോജനപ്പെടുത്തുകയാണ് അവര്‍ ചെയ്തിരുന്നത്. അതോടൊപ്പം കോണ്‍ടാക്റ്റ് ട്രേസിങ് ക്വാറന്റൈനിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേക്ക് പൂര്‍ണശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. വേണ്ടിടങ്ങളില്‍ വളരെ കര്‍ശനമായ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയും അത്രയ്ക്ക് അത്യാവശ്യമില്ല എന്ന് തോന്നിയ ഇടങ്ങളില്‍ ഇളവുകള്‍ നല്‍കിയും ദൈനംദിനാടിസ്ഥാനത്തില്‍ തങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകളെ കൃത്യമായാണ് വിയറ്റ്‌നാം പരിചരിച്ചിരുന്നത്. ഇക്കാര്യത്തില്‍ മുന്‍കരുതലും കൃത്യതയും പ്രകടമായിരുന്നു. കേസുകള്‍ വരുന്ന മുറയ്ക്ക് ഗ്രീന്‍ സ്‌പോട്ടുകള്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ആയും രോഗം ഭേദമാകുന്ന മുറക്ക് തിരിച്ചും മാറിക്കൊണ്ടിരുന്നു.

സ്വന്തം നാട്ടുകാരില്‍ നിന്നും സഹകരണമനോഭാവം ഉണ്ടാക്കിയെടുക്കാന്‍ ഭരണകൂടത്തിനും സാധിച്ചിട്ടുണ്ട്. ഇതാണ്, അവരുടെ വിജയത്തെ എളുപ്പമാക്കിയ ഒരു പ്രധാനഘടകം. തികച്ചും സുതാര്യവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളാണ് വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളില്‍ നിന്നുണ്ടായിരിക്കുന്നത്. അവര്‍ ജനങ്ങളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തു. ജനങ്ങള്‍ തിരിച്ചും ആ കടപ്പാട് കാണിക്കുകയും ചെയ്തു.

സമ്പത്തും സമൃദ്ധിയും വികസനവും പല തലങ്ങളില്‍ നില്‍ക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അനുകരണീയമായ ഒരു മാതൃകയാണ് ഈ ‘ലോ കോസ്റ്റ്’ കമ്യൂണിസ്റ്റ് മോഡല്‍.

Express View

Top