പനാജി : ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. ശ്യാമപ്രദാസ് മുഖര്‍ജി സ്റ്റേഡിയത്തിലാണ് വൈകുന്നേരം സമാപനസമ്മേളനം തുടങ്ങുക.
മികച്ചസിനിമ, മികച്ചസംവിധായകന്‍, നടി, നടന്‍ എന്നിവര്‍ക്ക് വ്യത്യസ്ത വിഭാഗങ്ങളിലായി സുവര്‍ണ, രജതമയൂര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുന്നതായിരിക്കും. മലയാളത്തില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്.
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി അമിത് ഖരെ എന്നിവര്‍ക്ക് പുറമേ സിനിമാപ്രവര്‍ത്തകരായ രോഹിത് ഷെട്ടി, മധുര്‍ ഭണ്ഡാര്‍കര്‍, ആനന്ദ് എല്‍. റായ്, അക്ഷയ് ഖന്ന, നിത്യാമേനോന്‍, രാകുല്‍ പ്രീത് സിങ്, രശ്മിക മന്ദാന തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
”ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിലാണ് സമാനസമ്മേളനം പ്രതിനിധികള്‍ക്ക് മുന്നിലെത്തുന്നത്. ഇതോടനുബന്ധിച്ച് സംഗീത-നൃത്ത പരിപാടികള്‍ അരങ്ങേറും” -ചലച്ചിത്ര മേളയുടെ ഡയക്ടര്‍ ചൈതന്യ പ്രസാദ് പറഞ്ഞു. ഗായകന്‍ ഹരിഹരന്റെ നേതൃത്വത്തിലുള്ള സംഗീത സദസ്സും അരങ്ങേറുന്നതായിരിക്കും. മൊഹ്‌സിന്‍ മക്മല്‍ബഫ് ഒരുക്കിയ ‘മാര്‍ഗി ആന്‍ഡ് ഹെര്‍ മദറാ’ണ് സമാപന ചിത്രം.