തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതല്‍. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തീയറ്ററില്‍ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴിയാണ് പാസ് വിതരണം ചെയ്യുന്നത്. ഉച്ചക്ക് 2.30ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യ പാസും ഡെലിഗേറ്റ് കിറ്റും നടന്‍ സൈജു കുറുപ്പ് ഏറ്റുവാങ്ങും.
ചലച്ചിത്ര മേളയ്ക്കായി ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണമാണ്. പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസുകളാണ് വിതരണം ചെയ്യുന്നത്. 8.30 മുതല്‍ വൈകുന്നേരം 7 വരെയാകും പാസ് വിതരണം. 12 കൌണ്ടറുകളിലായാണ് ഡെലിഗേറ്റ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പ്രതിനിധികള്‍ ഐ ഡി പ്രൂഫുമായെത്തി വേണം പാസുകള്‍ വാങ്ങാന്‍. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഐഎഫ്എഫ്‌കെയുടെ വരവറിയിച്ച് നഗരത്തില്‍ കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസും ഓടിത്തുടങ്ങിയിട്ടുണ്ട്. മേളയുടെ വിശദാംശങ്ങളും വേദികളുടെ വിവരങ്ങളും ആലേഖനം ചെയ്തിട്ടുള്ള ബസില്‍ പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും യാത്ര ചെയ്യാം. നഗരത്തിന്റെ പ്രധാന വീഥികളിലൂടെയാണ് ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്തുന്നത്. ഇതാദ്യമായാണ് ചലച്ചിത്രമേളയുടെ സന്ദേശവുമായി കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്തുന്നത്. കൊവിഡിന്റെ കെട്ട കാലത്തിന് ശേഷമുള്ള നിറപ്പകിട്ടാര്‍ന്ന സിനിമാ ദിനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികള്‍.