തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത ഇരുപത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടാഗോര്‍ തീയേറ്ററില്‍ നടത്തിയ പരിശോധനയിലാണ് ഇരുപത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നാളെ കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഡെലിഗേറ്റുകള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും അതിനു ശേഷം എത്തുന്ന ഡെലിഗേറ്റുകള്‍ സ്വന്തം നിലയില്‍ കൊവിഡ് പരിശോധന നടത്തേണ്ടി വരും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നത്. നാല് നഗരങ്ങളിലായി പല ഘട്ടങ്ങളിലായിട്ടാണ് ഇക്കുറി ചലച്ചിത്രമേള. 2500 പേര്‍ക്കാണ് ആകെ പ്രവേശനം അനുവദിക്കുന്നത്. വിവിധ തീയേറ്ററുകളിലായി ഇതുവരെ 2116 സീറ്റുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തീയേറ്ററുകളിലെ പകുതി സീറ്റില്‍ മാത്രമാണ് പ്രവേശനം. മുന്‍കൂട്ടി റിസര്‍വ് ചെയ്തായിരിക്കും പ്രവേശനം. സീറ്റ് നമ്പര്‍ അനുസരിച്ചാവും ഡെലിഗേറ്റുകളെ ഇരുത്തുക.