ഐ.എഫ്.എഫ്.കെ പ്രതിനിധി ഫീയും ജിഎസ്ടിയും നിരക്ക് കൂടും; അനുകൂലിക്കാതെ ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്കെ) ഡെലിഗേഷന്‍ ഫീയും ജിഎസ്ടിയും ഏര്‍പ്പെടുത്തുന്നത് ഭാവിയില്‍ ചെറുതും വലുതുമായ മേളകളെ ബാധിക്കും. 18 ശതമാനം ജിഎസ്ടിയുടെ അധിക ബാധ്യത പ്രതിനിധികള്‍ വഹിക്കും. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ചുമത്തുമെന്ന ആരോപണവും സിനിമാ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.

നികുതിയുള്‍പ്പെടെയുള്ള വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്ന പണം ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനത്തിനും ചലച്ചിത്രമേള നടത്തിപ്പിനുമായി ചെലവഴിക്കുന്നു. നികുതിപ്പണം തന്നെ വീണ്ടും നികുതിയടക്കേണ്ടിവരുമെന്നതാണ് അടുത്ത സാഹചര്യം. ഫെസ്റ്റിവല്‍ ബുക്ക്, ഷെഡ്യൂള്‍, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റ് പ്രതിനിധികള്‍ക്ക് നല്‍കും. സ്ഥിരം പ്രതിനിധികള്‍ക്ക് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഫീസ്. ജിഎസ്ടി വരുമ്പോള്‍ 1180 രൂപയും 590 രൂപയും ആയിരിക്കും.

ജിഎസ്ടി അവതരിപ്പിക്കുന്നതിനെ ചലച്ചിത്ര അക്കാദമിയും അനുകൂലിക്കുന്നില്ല. ജിഎസ്ടി നികുതി ആവശ്യപ്പെട്ട് അക്കാദമി വകുപ്പിന് വിശദീകരണം നല്‍കി. നിയമവശവും പരിശോധിക്കുന്നുണ്ട്. അതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ.

Top