ഐ.ജി മനോജ് എബ്രഹാമിനെതിരായി സംഘടിത നീക്കത്തിനു പിന്നില്‍ . . .

തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിനെതിരായ ആരോപണത്തിനു പിന്നില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ ?

രഹന ഫാത്തിമയുടെ ശബരിമല കയറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് തന്റെ സീനിയറായ ഉദ്യോഗസ്ഥനെതിരായ വാര്‍ത്തകള്‍ക്ക് പിന്നിലെന്നാണ് പൊലീസ് തന്നെ സംശയിക്കുന്നത്.

ശബരിമലയിലേക്ക് രഹന ഫാത്തിമയെ ആനയിച്ച് കൊണ്ടുപോയത് മനോജ് എബ്രഹാം അല്ലെന്നിരിക്കെ മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്ത് വാര്‍ത്തകള്‍ വരുന്നതിന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

രഹന ഫാത്തിമയുമായി അവരെ ഹെല്‍മറ്റ് ധരിപ്പിച്ച് പൊലീസ് സംരക്ഷണയില്‍ ശബരിമല കയറ്റിയ പൊലീസ് ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് പ്രതിരോധിച്ച് ചില പിആര്‍ ഏജന്‍സികള്‍ രംഗത്ത് വന്നത്.

സംഘപരിവാര്‍ മാധ്യമം പുറത്തുവിട്ട രഹനയുടെ ‘വെളിപ്പെടുത്തല്‍’ എഡിറ്റ് ചെയ്ത് മറ്റു മാധ്യമങ്ങളില്‍ കൊടുപ്പിക്കുവാനും അണിയറയില്‍ ചില കേന്ദ്രങ്ങള്‍ ഇടപെട്ടു. ഇത് ഹിഡന്‍ അജണ്ട മുന്‍ നിര്‍ത്തിയാണെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണി രഹ്നയുമായി നടത്തിയ സംഭാഷണത്തില്‍ ഐ.ജി ശ്രീജിത്ത് നല്‍കിയ സഹായങ്ങളും മുന്‍പരിചയമുള്ള കാര്യം വ്യക്തമാക്കിയതുമെല്ലാം മറച്ച് വച്ച് ‘മനോജ് എബ്രഹാമിനെ അറിയിച്ചു’ എന്ന ഒറ്റ വാക്ക് അടര്‍ത്തിമാറ്റി സംഭാഷണം എഡിറ്റു ചെയ്താണ് മന:പൂര്‍വ്വം യാഥാര്‍ത്ഥ്യം വഴി തിരിച്ച് വിടാന്‍ സംഘപരിവാര്‍ മാധ്യമങ്ങളടക്കം ഈ വിഭാഗം ശ്രമിച്ചത്.

WhatsApp Image 2018-10-20 at 3.14.33 PM

സംഭാഷണത്തില്‍ കളക്ടറോട് സംസാരിച്ചിരുന്നതായും പമ്പയില്‍ എത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് പറഞ്ഞതായും രഹന അവകാശപ്പെടുന്നുണ്ട്.

‘രാത്രി 12.30ന് ആണ് ഭര്‍ത്താവ് മനോജുമൊത്ത് താന്‍ പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്.

ശ്രീജിത്ത് സാറിന്റെ കൂടെ മല ചവിട്ടുമ്പോള്‍ പോലും തന്നെ ആരും ശ്രദ്ധിച്ചിരുന്നില്ല ഒപ്പം ഉണ്ടായിരുന്ന മറ്റേ കുട്ടിയെയാണ് ശ്രദ്ധിച്ചിരുന്നത്.

നിങ്ങള്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ സന്നിധാനത്തെത്തിക്കുമെന്ന് ആത്മവിശ്വാസം ശ്രീജിത്ത് സാര്‍ നല്‍കി. എന്ത് പ്രശ്‌നമുണ്ടായാലും പൊലീസ് ബൗണ്ടറി വിട്ട് പോകരുത് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുന്‍പ് രാഹുല്‍ പശുപാലന്റെ കേസില്‍ സാറുമായി സംസാരിച്ചിട്ടുണ്ട്.’

വളരെ സുരക്ഷിതമായി നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്താണ് ഐ.ജിയും സംഘവും തന്നെ ശബരിമലയിലെത്തിച്ചതെന്നും രഹന പറഞ്ഞു.

കുട്ടികളുടെ ദേഹത്ത് ചവിട്ടി പോകാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാലാണ് തിരിച്ച് പോന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍, ഈ സംഭാഷണത്തിലെ ഭൂരിഭാഗവും ഒഴിവാക്കിയാണ് മനോജ് എബ്രഹാമിനെ ടാര്‍ഗറ്റ് ചെയ്യുന്നത്. രഹനയോട് വരാനും മലകയറാനുമൊന്നും മനോജ് എബ്രഹാം ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

നിലക്കലിലും പമ്പയിലും സംഘടിച്ച് മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ചവര്‍ക്കെതിരായ പൊലീസ് നടപടിക്ക് നേതൃത്വം നല്‍കിയ ഐ.ജി മനോജ് എബ്രഹാമിനെതിരായി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രചരണം ഉപയോഗപ്പെടുത്താന്‍ കൂടിയാണ് ഇപ്പോള്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തുന്നതെന്നാണ് സര്‍ക്കാരും സംശയിക്കുന്നത്.

rahana fatima pic

മനോജ് എബ്രഹാമിനെ വിവാദ മല കയറ്റത്തില്‍ വലിച്ചിഴച്ചതിനു പിന്നിലെ ഇടപെടല്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഹന ഫാത്തിമയുടെയും വിവാദ ഐ.പി.എസുകാരന്റെയും ഇവര്‍ക്കു വേണ്ടി പ്രചരണം നടത്തുന്നവരുടെയും മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് തീരുമാനം.

ഐ.ജി മനോജ് എബ്രഹാമിനെതിരെ നടക്കുന്ന പ്രചരണങ്ങളെ ഗൗരവമായി കണ്ട് കര്‍ശന നടപടി പോലീസ് തുടങ്ങിയിട്ടുണ്ട്. ഇതിനകം തന്നെ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപ്പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൂടുതല്‍ പേരെ അറസ്റ്റു ചെയ്യുമെന്നും അപവാദം പ്രചരിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പമ്പയില്‍ ചുമതല ഐ.ജി ശ്രീജിത്തിനാണെന്നിരിക്കെ മന:പൂര്‍വ്വം മനോജ് എബ്രഹാമിനെ വലിച്ചിഴച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് നിസാരമായി കാണാന്‍ കഴിയില്ലന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടകരമായ ഈ പ്രവണത മുളയിലേ നുള്ളുക തന്നെ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

എം. വിനോദ്‌

Top