തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നേടിയ തകര്‍പ്പന്‍ വിജയത്തില്‍ അഭിനന്ദനമറിയിച്ച് ഐ.ജി.പി വിജയന്‍. പരിഹാര പക്ഷത്ത് നിലയുറപ്പിച്ചവര്‍ രചിച്ച വിജയം വേറിട്ട വിജയമാണെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി
ഫേയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
പരിഹാര പക്ഷത്ത്’ നിലയുറപ്പിച്ചവര്‍ രചിച്ച വിജയത്തിന്റെ ചില കഥകള്‍ പറയട്ടെ!
#1. ജീവിതത്തിലും Aപ്ലസ്, പരീക്ഷയിലും: ഒരു എസ് പി സി വിജയഗാഥ.
435142 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 98.11ശതമാനം കുട്ടികള്‍ ഉപരിപഠനത്തിനു യോഗ്യത നേടുകയും ചെയ്തു. +2 വിജയ ശതമാനം ആകട്ടെ 84.33ഉം. തീര്‍ത്തും അഭിമാനം സമ്മാനിക്കുന്ന വിജയം.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ ഫലം കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ തന്നെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി ) പദ്ധതിയെ സംബന്ധിച്ചെടുത്തോളം ഇരട്ടിമധുരം സമ്മാനിക്കുന്നതായി.
ഉത്തരവാദിത്വബോധവും അച്ചടക്കവും പൗരബോധവും സഹാനുഭൂതിയുമുള്ള ഒരു യുവ നേതൃനിരയെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നി വിജയകരമായി നടപ്പിലാക്കി വരുന്ന എസ് പി സി പദ്ധതിയുടെ ഭാഗമായി കഠിനമായ പരിശീലന മുറകളില്‍ മുഴുകി ആത്മസമര്‍പ്പണത്തോടെ വിജയം കൈവരിച്ച കേഡറ്റുകളില്‍ ചിലര്‍ എസ്എസ്എല്‍സി പരീക്ഷയെയും പ്ലസ് ടു പരീക്ഷയെയും അഭിമുഖീകരിക്കുകയുണ്ടായി. ത്രസിപ്പിക്കുന്ന വിജയമാണ് ഈ കൊച്ചു മിടുക്കന്മാരും മിടുക്കികളും ഇരു പരീക്ഷകളിലും കൈവരിച്ചത്.
482 എസ് പി സി സ്‌കൂളുകളില്‍ നിന്നായി 106634 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. അതില്‍ ഇരുപതിനായിരത്തോളം കുട്ടികള്‍ എസ് പി സി കേഡറ്റുകള്‍ ആയിരുന്നു. ഇതില്‍ 4630 കേഡറ്റുകള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. അതായത് പരീക്ഷ എഴുതിയ കുട്ടികളില്‍ 23.15 ശതമാനം കേഡറ്റുകള്‍ക്ക് മുഴുവന്‍ Aപ്ലസ്. മുഴുവന്‍ വിഷയങ്ങളിലും Aപ്ലസ് നേടിയ സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളുടെ ശതമാനം 8.6 ആണ് എന്ന വസ്തുത ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
പ്ലസ് ടു പരീക്ഷയുടെ കാര്യത്തിലാകട്ടെ 42 എസ്പിസി സ്‌കൂളുകളില്‍നിന്നായി 11019 കുട്ടികളാണ് പരീക്ഷ എഴുതിയത്.ഇതില്‍ 1741 കുട്ടികള്‍ എസ് പി സി കേഡറ്റുകള്‍ ആയിരുന്നു. ഇവരില്‍ 189 കേഡറ്റുകള്‍ മുഴുവന്‍ വിഷയങ്ങളിലും A പ്ലസ് കരസ്ഥമാക്കി. 10.8 ശതമാനം കേഡറ്റുകള്‍!സംസ്ഥാന ശരാശരിയേക്കാളും എത്രയോ മുകളില്‍!
വെല്ലുവിളികള്‍ നിറഞ്ഞ സാമൂഹിക ചുറ്റുപാടുകളെയാണ് ഈ കുട്ടികളില്‍ പലരും പ്രധിനിതീകരിക്കുന്നത്. എസ് പി സി പകര്‍ന്നു നല്‍കിയ ധൈര്യവും സ്വവാവബോധവും മാത്രമാണ് ഇവരില്‍ പലരുടെയും ആകെ മുതല്‍ക്കൂട്ട്. ജീവിതത്തില്‍ മാത്രമല്ല പരീക്ഷകളിലും എ പ്ലസ് സ്വന്തമാക്കിയ ഈ കുട്ടികള്‍ നമുക്ക് സമ്മാനിക്കുന്ന പാഠം, കഠിനാധ്വാനവും ലക്ഷ്യബോധവും ആത്മസമര്‍പ്പണവും സാധ്യമായാല്‍ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ ഇല്ല എന്ന വസ്തുതയാണ്. എസ് പി സി പദ്ധതിയുടെ വിജയത്തിനായി അഘോരാത്രം കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുന്ന പദ്ധതി നടത്തിപ്പുകാരും അര്‍ഹിക്കുന്നു വലിയ ഒരു സല്യൂട്ട്!
പി വിജയന്‍ ഐ.പി.എസിന്റെ ഈ ഫേയ്സ് ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. സ്റ്റുഡന്റ് പൊലീസിന്റെ ആരംഭകാലത്ത് ഈ പദ്ധതി വിജയിക്കില്ലന്ന് പറഞ്ഞവര്‍പോലും ഇപ്പോള്‍ കയ്യടിച്ചാണ് സ്റ്റുഡന്റ് പൊലീസിനെ പ്രോത്സാഹിപ്പിക്കുന്നത്.
2010 ല്‍ ആണ് കേരളത്തില്‍ സ്റ്റുഡന്റ് പൊലീസ് പദ്ധതിക്ക് വലിയ രൂപത്തില്‍ തുടക്കം കുറിച്ചത്. പി വിജയന്‍ ഐ.പി.എസ് തന്നെയായിരുന്നു ഈ പദ്ധതിയുടെ സൃഷ്ഠാവും. കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വ വികാസവും ഉറപ്പു വരുത്തുന്നതിനായിരുന്നു പദ്ധതി. 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ ഇത് അരലക്ഷം പിന്നിട്ടു കഴിഞ്ഞു. ഈ പദ്ധതിയുടെ നോഡല്‍ ഓഫീസറും ദീര്‍ഘകാലം വിജയന്‍ ഐ.പി.എസ് തന്നെ ആയിരുന്നു. ആഭ്യന്തര വിദ്യാഭ്യാസ വകുപ്പുകള്‍ക്കു പുറമെ ഗതാഗത വനം എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയും സ്റ്റുഡന്റ് പൊലീസ് പദ്ധതിക്കുണ്ട്.
കേരളത്തില്‍ വന്‍ വിജയമായ പദ്ധതിയില്‍ ആകൃഷ്ടരായി ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ച് സ്റ്റുഡന്റ് പൊലീസ് പദ്ധതിയെ കുറിച്ച് പഠിച്ച് ഈ സംസ്ഥാനങ്ങളിലും നടപ്പാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ്ങ് കേരളം സന്ദര്‍ശിച്ച വേളയില്‍ പദ്ധതിയില്‍ കൂടുതല്‍ ആകൃഷ്ടനാവുകയും ദേശീയ തലത്തില്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓരോ വര്‍ഷവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി നടത്തി വരുന്നുണ്ട്. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപയിനുകള്‍, നിയമസാക്ഷരതാ ക്ലാസ്സുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആര്‍.ടി.ഒ വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാംപുകള്‍ നടത്താറുണ്ട്. രണ്ടു വര്‍ഷം അഞ്ഞൂറു മണിക്കൂര്‍ സേവനമാണ് ഓരോ കേഡറ്റും നടത്തേണ്ടത്. ജില്ലകളില്‍ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഏകോപന ചുമതല. ആഗസ്റ്റ് രണ്ടാണ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ദിനമായി ആചരിക്കുന്നത്.
തുടക്കത്തില്‍ പദ്ധതിയോട് മുഖം തിരിച്ച എയ്ഡഡ് സ്‌കൂളുകള്‍ അടക്കമുള്ളവര്‍ ഇപ്പോഴും സ്റ്റുഡന്റ് പൊലീസ് പദ്ധതി ലഭിക്കുന്നതിനായി നീണ്ട ക്യൂവിലാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് നിലവില്‍ കേരള സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്നതിനാല്‍ ഈ സ്ഥാപനങ്ങളിപ്പോള്‍ വെട്ടിലായിരിക്കുകയാണ്. രാജ്യത്തെ മികച്ച പൊലീസ് സേനകളില്‍ മുന്‍ നിരയില്‍ തന്നെയാണ് കേരള പൊലീസിന്റെ സ്ഥാനമെങ്കിലും കേരളത്തില്‍ നിന്നും ഒരു മാതൃക കേന്ദ്രം ദേശീയ തലത്തില്‍ നടപ്പാക്കുന്നത് അപൂര്‍വ്വമാണ്.
ഭാവി തലമുറക്ക് സ്‌കൂള്‍ പഠനകാലത്തു തന്നെ പുതിയ ദിശാബോധം പകര്‍ന്നു നല്‍കാന്‍ കഴിയുന്ന പദ്ധതിയെ രക്ഷിതാക്കളും കേരളീയസമൂഹവും കൈയ്യടിച്ചാണ് പ്രോത്സാഹിപ്പിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് പദവി ഏറ്റെടുക്കാന്‍ കേന്ദ്രത്തെ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സ്വയം രൂപപ്പെടുത്തിയ പദ്ധതി സംസ്ഥാന സര്‍ക്കാറിനു മുന്നില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയപ്പോഴും സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങിയപ്പോഴും രാജ്യം മുഴുവന്‍ ഈ പദ്ധതി ഏറ്റെടുത്ത് ഇത്ര വലിയ ഹിറ്റ് ആക്കുമെന്ന് ഐ.ജി വിജയന്‍ പോലും ഒരു പക്ഷേ കരുതിയിട്ടുണ്ടാവില്ല. ഇപ്പോള്‍ അദ്ധേഹത്തിന്റെ പ്രതീക്ഷയ്ക്കുമപ്പുറം എസ്എസ്എല്‍സി പരീക്ഷയിലും വലിയ വിജയമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ നേടിയിരിക്കുന്നത്.
ശബരിമലയെ മാലിന്യ മുക്തമാക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ സൃഷ്ടാവും ഈ ഐ.പി.എസ് ഓഫീസറാണ്. ദേശീയ ചാനലായ സിഎന്‍എന്‍-ഐബിഎന്നിന്റെ ന്യൂസ് മേക്കര്‍ അവാര്‍ഡും രാഷ്ട്രപതിയുടെ പൊലീസ് മെഡലും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം തന്നെ പി വിജയന്‍ കരസ്ഥമാക്കിയിട്ടുണ്ട്. സീനിയര്‍ ഐഎഎസ് ഓഫീസറും കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണുമായ ഡോ. എം ബീനയാണ് ഭാര്യ.