കൊച്ചി: ശബരിമല സന്നിധാനത്ത് മണ്ഡലപൂജയുടെ തലേദിവസം ഉണ്ടായ അപകടത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്.
തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പിടിച്ചിരുന്ന വടം വഴുതിയാണ് അപകടമുണ്ടായതെന്ന സ്പഷല്‍ ബ്രാഞ്ച് റിപ്പോട്ട് തള്ളിയാണ് ഐ.ജി റിപ്പോട്ട് നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ 25ന് വൈകീട്ട് ദീപാരാധനയുടെ സമയത്താണ് മാളികപ്പുറം ക്ഷേത്രത്തിന് സമീപം തിക്കിലും തിരക്കിലുംപെട്ട് മുപ്പത്തിയൊന്ന് തീര്‍ഥാടകര്‍ക്ക് പരുക്കേറ്റത്.
അപകടമുണ്ടായ സമയത്ത് എഴുപത്തിയൊന്ന് പൊലീസുകാര്‍ മാളികപ്പുറം ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. പഴക്കമേറിയ ബാരിക്കേഡുകള്‍ തിരക്കില്‍പ്പെട്ട് തകര്‍ന്നപ്പോള്‍ പൊലീസ് പിന്നില്‍നിന്ന് തിരക്ക് നിയന്ത്രിച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്.
പരുക്കേറ്റവരെ പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതിനാല്‍ പലരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകട സമയത്തെ സിസിടിവി ദൃശ്യങ്ങളും റിപ്പോര്‍ട്ടിനോടൊപ്പം സര്‍ക്കാരിനും ഡി.ജി.പിക്കും കൈമാറിയിട്ടുണ്ട്.