പത്തനംതിട്ട: സംസ്ഥാനത്ത് കലാപ നീക്കം ഒഴിഞ്ഞു പോയത് തലനാരിഴക്ക്.
സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയുടെ മറവില്‍ ശബരിമല ചവിട്ടി അയ്യപ്പനെ ദര്‍ശിക്കാനുള്ള ആക്ടിവസ്റ്റുകളുടെ നീക്കം പൊളിച്ചത് മന്ത്രി കടകംപളളി സുരേന്ദ്രന്റെ അവസരോചിതമായ ഇടപെടല്‍ ഒന്നു കൊണ്ടു മാത്രമാണ്.
യഥാര്‍ത്ഥ വിശ്വാസി ഏത്? വരുന്നവരുടെ ഉദ്ദേശമെന്ത്? എന്ന് പരിശോധിക്കാതെ പൊലീസ് ധരിക്കുന്ന വേഷങ്ങള്‍ ധരിപ്പിച്ച് സന്നിധാനത്തേക്ക് രഹനയെയും കവിതയേയും ആനയിച്ച ഐ.ജി ശ്രീജിത്തിന്റെ നടപടിയാണ് സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. കടകംപള്ളി നേരിട്ട് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ വലിയ സംഘര്‍ഷം തന്നെ പൊട്ടി പുറപ്പെടുമായിരുന്നു.
വിശ്വാസികളായ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞതെന്നും സംഘര്‍ഷമുണ്ടാക്കാന്‍ വരുന്ന ആക്ടിവിസ്റ്റുകളെയും ഇതര മതസ്ഥരെയും തിരിച്ചയക്കേണ്ടത് പൊലീസിന്റെ കടമയാണെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.
ഐ.ജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മല കയറാന്‍ വന്ന യുവതികളെക്കുറിച്ച് ഒന്നും അന്വേഷിക്കാതെ അവരെ നേരിട്ട് ആനയച്ച് കൊണ്ടുപോയതിന്റെ ഉദ്ദേശശുദ്ധി പരിശോധിക്കപ്പെടണമെന്ന അഭിപ്രായമാണ് സേനക്കകത്തുള്ളത്.
കൊച്ചി സ്വദേശിയായ രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടുമായി എത്തിയപ്പോള്‍ ഹൈദരാബാദിലെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക കവിത റിപ്പോര്‍ട്ടിങ്ങിനാണെന്ന പേര് പറഞ്ഞാണ് പൊലീസ് സംരക്ഷണയില്‍ പൊലീസ് വേഷം ധരിച്ച് മല കയറിയത്. ഇവരോട് പുലര്‍ച്ചെ എത്താന്‍ ഐ.ജി ശ്രീജിത്താണ് ആവശ്യപ്പെട്ടിരുന്നത്.
അപ്പാച്ചിമേട് പിന്നിട്ട് ശബരീപീഠത്തിനരികിലെത്തിയപ്പോള്‍ ഒരാള്‍ യുവതിക്കു നേരെ കല്ലെറിഞ്ഞു. ഇയാളെ പൊലീസ് നീക്കം ചെയ്തതിനെ തുടര്‍ന്ന് വീണ്ടും യാത്ര തുടര്‍ന്നു. എന്നാല്‍ നടപ്പന്തലിലേക്ക് കടന്നതോടെ കൂടുതല്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടി. കുത്തിയിരുന്ന് ശരണം വിളിച്ച സമരക്കാര്‍ പിന്‍മാറാന്‍ തയ്യാറായില്ല. വിവരം അറിഞ്ഞ മന്ത്രി കടകംപള്ളി ഉടന്‍ തന്നെ ഇവരെ തിരിച്ച് കൊണ്ടുപോകാന്‍ ഐ.ജിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ശബരിമല ക്ഷേത്രത്തിലെ പരികര്‍മികള്‍ പതിനെട്ടാം പടിക്കു മുന്നില്‍ നാമജപ പ്രതിഷേധം തുടര്‍ന്നതോടെ പൊലീസിനെ തള്ളി പരസ്യമായ അഭിപ്രായപ്രകടനം നടത്താനും മന്ത്രി തയ്യാറായി. തുടര്‍ന്ന് രണ്ട് വനിതകളെയും കൂട്ടി ഐജിക്കും സംഘത്തിനും മല ഇറങ്ങേണ്ടി വന്നു. ഇതോടെയാണ് പൊട്ടി പുറപ്പെടുമായിരുന്ന വലിയ സംഘര്‍ഷം ഒഴിവായത്.
സ്ഥിതി സ്‌ഫോടനാത്മകമാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും എന്തുകൊണ്ടാണ് ഐ.ജി വേണ്ടത്ര ജാഗ്രത പുലര്‍ത്താതെ രഹ്ന ഫാത്തിമ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കി വേഷം കെട്ടിച്ച് മല കയറ്റാന്‍ ശ്രമിച്ചതെന്ന ചോദ്യത്തിനു മുന്നില്‍ പൊലീസ് സേനയും പകച്ചു നില്‍ക്കുകയാണ്.
സംഘപരിവാറിന് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ ആയുധം നല്‍കിയ ഐ.ജിയുടെ നടപടിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരും കടുത്ത രോഷത്തിലാണ്.
ആരെയും പൊലീസ് താല്‍പ്പര്യമെടുത്ത് ശബരിമല കയറ്റേണ്ടതില്ലന്നതാണ് സര്‍ക്കാര്‍ നയം. വരുന്നവര്‍ യഥാര്‍ത്ഥ ഭക്തന്‍മാരാണെങ്കില്‍ സംരക്ഷണം നല്‍കുക എന്നതായിരുന്നു നിര്‍ദ്ദേശം.
സാലറി ചലഞ്ച് പോലെ ടെമ്പിള്‍ ചലഞ്ച് ഏറ്റെടുക്കരുതെന്ന ആക്ടീവിസ്റ്റുകളായ യുവതികളോടുള്ള ശബരിമല തന്ത്രിയുടെ അഭ്യര്‍ത്ഥന മുഖവിലക്കെടുത്തായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കാമെന്ന നിര്‍ദ്ദേശം മുന്നാട്ടു വച്ചിരുന്നത്.
എന്നാല്‍ ഈ അനുനയ നീക്കങ്ങളെയെല്ലാം തകര്‍ക്കുന്നതായിരുന്നു പൊലീസിന്റെ ഇന്നത്തെ നടപടി.
ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാറും സി.പി.എമ്മും ശ്രമിക്കുകയാണെന്ന വ്യാപക പ്രചരണമാണ് രഹ്ന ഫാത്തിമയുടെ മല കയറ്റവുമായി ബന്ധപ്പെട്ട് ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ നടത്തി വരുന്നത്.
രഹ്നയുടെ നിരവധി എഫ്.ബി പേജിലെ ഫോട്ടോകളും പശ്ചാത്തലവും വിവരിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം അരങ്ങു തകര്‍ക്കുന്നത്.
രഹ്നയെ ഐ.ജി ശ്രീജിത്തിന് അറിയില്ലേ? എന്ന ചോദ്യവുമായി അനില്‍ അക്കരെ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റും ചൂടുള്ള ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്.
പൊലീസ് യൂണിഫോമില്‍ യുവതികളെ മലകയറ്റിയ ഐ.ജിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
തൃശ്ശൂരില്‍ പെണ്‍പുലികളെ ഇറക്കിക്കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച ആളാണ് രഹന ഫാത്തിമ. ശേഷം ചുംബനസമരം, മാറ് തുറക്കല്‍ സമരം, ബത്തക്ക വിവാദങ്ങള്‍ തുടങ്ങിയലയ്‌ക്കെല്ലാം നേതൃനിരയില്‍ രഹ്ന ഉണ്ടായിരുന്നു. ‘ഏക’ എന്ന സിനിമയിലും ഇവര്‍ വേഷമിട്ടു. അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവിധ ഫെസ്റ്റിവലുകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ഏക. മോഡലിംഗില്‍ നിരവധി തവണ നഗ്‌നയായി ഫോട്ടോ ഷൂട്ടുകള്‍ നടത്തി. ചുംബന സമരത്തിലും മുന്‍ നിര ആളുകളില്‍ ഒന്ന് രഹന ഫാത്തിമയായിരുന്നു. മനോജ് ശ്രീധറാണ് രഹനയുടെ ഭര്‍ത്താവ്. നിലവില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയും മോഡലുമാണ് ഇവര്‍.
ഫറൂക്ക കോളേജ് അദ്ധ്യാപകന്റെ ബത്തക്ക പരാമര്‍ശത്തിനെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രതിഷേധങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു രഹനയുടെ പോസ്റ്റ്. വലിയ വിമര്‍ശനങ്ങളാണ് ഇക്കാര്യത്തില്‍ രഹനയ്ക്ക് നേരിടേണ്ടി വന്നത്. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ മാറുതുറക്കല്‍ സമരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
നോ പാന്റി ഡേയാണ് രഹ്നയ്ക്ക് വലിയ വിമര്‍ശനങ്ങളും തെറിവിളികളും നേടിക്കൊടുത്ത മറ്റൊരു പോസ്റ്റ്. സമൂഹത്തിലെ സദാചാര വാദികള്‍ക്കെതിരെയുള്ള വെല്ലുവിളി ആയിട്ടാണ് ഇത്തരം ദിനാചരണം രഹ്ന നടത്തിയത്. അടിവസ്ത്രം ധരിക്കാത്ത രഹ്നയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ കോളിളക്കം തന്നെ ഉണ്ടാക്കിയിരുന്നു.
ഐജി ശ്രീജിത്തിന്റെയും രഹ്നാ ഫാത്തിമയുടെയും മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.
എം വിനോദ്