ഐ.ജി ശ്രീജിത്തിന്റെ കണ്ണീർ വിലാപവും ‘ആയുധമാക്കി’ സംഘപരിവാർ നേതൃത്വം !

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാറിനെയും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെയും വെട്ടിലാക്കി ഐ.ജി ശ്രീജിത്ത്.

സംഘര്‍ഷഭൂമിയായി മാറിയ ശബരിമലയില്‍ ക്രമസമാധാന പാലനം സുഗമമാക്കുന്നതിനായി നിയോഗിക്കപ്പെട്ട ഐ.ജി കൊച്ചു കുട്ടികളെ പോലെ അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞത് സര്‍ക്കാറിനെ അമ്പരപ്പിച്ചിരിക്കുകയാണ്. പൊലീസ് സേനയാകട്ടെ നാണംകെട്ട് തല ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലുമാണ്.

മുള്‍മുനയില്‍ നില്‍ക്കുന്ന ശബരിമലയില്‍ 24 മണിക്കൂറും ജാഗ്രതയോടെ നിലകൊണ്ട് സേനക്ക് നിര്‍ദേശം നല്‍കേണ്ട ഉദ്യോഗസ്ഥന്‍ തന്നെ കൊടും ഭക്തനായി ‘പെരുമാറിയത്’ ഈ പ്രത്യേക സാഹചര്യത്തില്‍ ഒരു പൊലീസ് ഓഫീസര്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

രഹന ഫാത്തിമയെ മുന്‍ പരിചയമുണ്ടായിട്ടും ഇതര സമുദായത്തില്‍പ്പെട്ട ഈ യുവതിയെയും കൊണ്ട് ഐ.ജി ശ്രീജിത്ത് തന്നെ മല ചവിട്ടിയതില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

ഹെല്‍മറ്റും പൊലീസ് ധരിക്കുന്ന വേഷങ്ങളും ധരിപ്പിച്ചുള്ള മലകയറ്റം ഏറെ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്.

പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് പരസ്യമായി രംഗത്ത് വന്ന ദേവസ്യം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീജിത്തും അകമ്പടി പൊലീസും രഹന ഫാത്തിമയെയും മാധ്യമ പ്രവര്‍ത്തക രജനിയെയും കൊണ്ട് തിരിച്ചിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടത്.

അത്തരമൊരു നടപടി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ലെങ്കില്‍ വലിയ കലാപം തന്നെ പൊട്ടിപ്പുറപ്പെടുമായിരുന്നു. താന്‍ ഇരുമുടിക്കെട്ട് ശ്രീജിത്തിന് നല്‍കിയാണ് തിരിച്ചുവന്നതെന്ന് ഏഷ്യാനെറ്റ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ രഹന ഫാത്തിമ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസിന്റെ വീഴ്ച ശബരിമല നട അടച്ചു കഴിഞ്ഞാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന ഡി.ജി.പി ലോകനാഥ് ബഹ്‌റയുടെ പ്രസ്താവനക്ക് തൊട്ടു പിന്നാലെയാണ് ശബരിമലയില്‍ ‘നാടകീയ രംഗങ്ങള്‍’ അരങ്ങേറിയത്.

പുലര്‍ച്ചെയോടെ സന്നിധാനത്തെത്തിയ ഐ.ജി ശ്രീജിത്ത് കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്നും പ്രാര്‍ത്ഥിക്കുമ്പോള്‍ പൊട്ടിക്കരയുകയായിരുന്നു.

WhatsApp Image 2018-10-22 at 4.15.41 PM

പ്രതിഷേധക്കാരും പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ജാഗ്രതയോടെ നില്‍ക്കുന്ന സമയത്താണ് ഏവരെയും അമ്പരപ്പിച്ച നടപടി ശ്രീജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഒരു ഐ.പി.എസ് ഓഫീസര്‍ ഇങ്ങനെ നിയന്ത്രണം വിട്ടു പെരുമാറുമോ എന്ന് അത്ഭുതപ്പെട്ട് പൊലീസുകാര്‍ തന്നെ അമ്പരന്നു പോയി. അവിശ്വസിനീയമായ കാഴ്ചയാവട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ ‘വിരുന്നു’മായി. ഏറ്റവും അധികം ഈ ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തിയത് സംഘ പരിവാര്‍ മാധ്യമങ്ങളാണ്.

രഹന ഫാത്തിമയുടെ ശബരിമലകയറ്റത്തില്‍ ഒരു ബന്ധവും ഇല്ലാതിരുന്ന ഐ.ജി മനോജ് എബ്രഹാമിനെതിരെ തിരിച്ച പ്രചരണം തിരിച്ചടിച്ചടിച്ചതിന്റെ ജാള്യത മറയ്ക്കാന്‍ ശ്രീജിത്തിന്റെ കരച്ചിലാണ് സംഘ പരിവാര്‍ അനുകൂലികള്‍ ഇപ്പോള്‍ പ്രചരണമാക്കുന്നത്.

യുവതീ പ്രവേശനത്തിനായി കടുംപിടുത്തം നടത്തുന്ന സര്‍ക്കാറിനൊപ്പം നില്‍ക്കേണ്ടി വരുന്നതിന്റെ നിസ്സഹായത അയ്യപ്പന് മുന്നില്‍ ശ്രീജിത്ത് കരഞ്ഞു തീര്‍ക്കുകയാണെന്നാണ് ജനം ടി.വിയും അവരുടെ ഓണ്‍ലൈനും റിപ്പോര്‍ട്ട് ചെയ്തത്.

REHANA

വിശ്വാസം ലംഘിച്ച് ആചാരങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് നിസ്സഹായത മൂലമാണ് പൊലീസുകാര്‍ക്ക് കൂട്ടുനില്‍ക്കേണ്ടി വരുന്നത് എന്നതിന്റെ തെളിവാണിതെന്നും, ശ്രീജിത്തിന്റെ നടപടി എത്ര ശ്രമിച്ചാലും സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കാനായി സമരം നടത്തുന്ന ജനതക്കുളള പിന്തുണ കൂടിയാണെന്നും സംഘപരിവാര്‍ മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

ഐ.ജിയെ മുന്‍നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രചരണത്തെ ഗൗരവമായാണ് സര്‍ക്കാറും രഹസ്യാന്വേഷണ വിഭാഗവും നോക്കിക്കാണുന്നത്.

പ്രത്യേകിച്ച് ശ്രീജിത്തിനെ വെള്ളപൂശിയും ഐ.ജി മനോജ് എബ്രഹാമിനെതിരെ വ്യക്തിഹത്യ നടത്തിയും പ്രചരണം നടക്കുന്ന സാഹചര്യത്തില്‍, അതീവ ഗൗരവമായി തന്നെ നിലപാട് സ്വീകരിച്ചാണ് ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നത്.

ഇതിനിടെ രഹന ഫാത്തിമ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കരച്ചിലാണോ അണിയറയില്‍ നടന്നതെന്ന സംശയവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

എം. വിനോദ്‌

Top