തിരുവനന്തപുരം: ഐജി സുരേഷ്‌രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനമോടിച്ചത് അന്വേഷിക്കാനുളള തീരുമാനം അട്ടിമറിച്ചു. അന്വേഷണം പ്രഖ്യാപിച്ച് രണ്ടാഴ്ചയാകുമ്പോഴും ആഭ്യന്തരവകുപ്പ് ഉത്തരവ് പോലുമിറക്കിയില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍! മാതാപിതാക്കള്‍ക്കെതിരെ േകസെടുക്കുമെന്ന ഡിജിപിയുടെ സര്‍ക്കുലറിനും പുല്ലുവില മാത്രം.
ഫെബ്രുവരി 28നാണ് തൃശൂര്‍ പൊലീസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിന്റെ മകന്‍ ഔദ്യോഗിക വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവം വിവാദമായതോടെ ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി രാജേഷ് ദിവാനെ അന്വേഷണം ഏല്‍പിച്ചതായും അറിയിപ്പ് വന്നു. പിന്നാലെ നടപടിയെടുക്കുമെന്ന് ഡിജിപി ടി.പി.സെന്‍കുമാറിന്റ പത്രക്കുറിപ്പും. എന്നാല്‍ ആഴ്ച രണ്ടു കഴിഞ്ഞിട്ടും ഒരനക്കവുമില്ല. രേഖാമൂലം ഉത്തരവ് കിട്ടിയില്ലെന്നാണ് എഡിജിപി രാജേഷ് ദിവാന്റെ വിശദീകരണം.
ആറ് വര്‍ഷം മുന്‍പ് വിവാദ വ്യവസായി മുഹമ്മദ് നിഷാം ഏഴുവയസുള്ള മകനേക്കൊണ്ട് ആഡംബരക്കാര്‍ ഓടിപ്പിച്ചിരുന്നു. അന്ന് പ്രായപൂര്‍ത്തിയാകാത്ത മകന് ഡ്രൈവിങിന് അവസരമൊരുക്കിയെന്ന പേരില്‍ നിഷാമിനെതിരെ കേസുമെടുത്തു. എന്നാല്‍ സമാനകുറ്റം ഐജി ചെയ്തപ്പോള്‍ അന്വേഷണം വെറും പ്രഖ്യാപനത്തില്‍ മാത്രമൊതുക്കിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.