ശബരിമല: സന്നിധാനത്ത് ഞായറാഴ്ച രാത്രിയിലെ ഭക്തരുടെ നാമജപപ്രതിഷേധവും തുടര്‍ന്നുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ട് ഐജി വിജയ സാഖറെ, സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്ക് ഡിജിപിയുടെ നോട്ടിസ്. രാത്രിയിലെ ബലപ്രയോഗത്തിന്റെ കാരണമെന്താണെന്ന് പ്രതീഷ് ചന്ദ്രനോടും ഇത്രയും സംഘര്‍ഷഭരിതമായിട്ടും എന്തുകൊണ്ട് സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് ഐജി വിജയ് സാഖറെയോടും ചോദിച്ചു.
അതിനിടെ മരക്കൂട്ടത്തെ പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ കന്റോണ്‍മെന്റ് എസിപി സുദര്‍ശനെയും അവിടെനിന്നു മാറ്റി. പകരം എങ്ങോട്ടെന്ന് അറിയിച്ചിട്ടില്ല. ഹിന്ദു സംഘടനകളുടെ നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുന്നത് പരിശോധിക്കാതെ കടത്തിവിട്ടു എന്നതാണ് സുദര്‍ശനെതിരെയുള്ള ആരോപണം.
തിങ്കാഴ്ച പുലര്‍ച്ചെ ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 70 പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. ഇവരെ മണിയാര്‍ എആര്‍ ക്യാംപിലേക്ക് മാറ്റി ചോദ്യം ചെയ്തു വരികയാണ്. ഈ ക്യാംപിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്. സ്ഥലത്ത് കനത്ത പൊലീസ് വിന്യാസമുണ്ട്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പിടിയിലായവരെ രാവിലെ പത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റും. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാന്‍ പൊലീസ് തയാറായില്ല.