ദേശീയ ഫുട്‌ബോള്‍ ടീമില്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഇഗോര്‍ സ്റ്റിമാച്ച്

ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ കരുത്തില്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങി പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. വ്യാഴാഴ്ച ഒമാനെതിരേയും ശനിയാഴ്ച യു.എ.ഇ.യ്‌ക്കെതിരേയുമുള്ള മത്സരങ്ങള്‍ യുവ ഇന്ത്യന്‍ ടീമിന്റെ മാറ്റുരയ്ക്കലാകും. 15 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്.

ഐ.എസ്.എല്‍. ഏഴാം സീസണ്‍ ഏറ്റവും സന്തോഷിപ്പിച്ചത് ദേശീയ ടീം പരിശീലകന്‍ സ്റ്റിമാച്ചിനെയാകും. ഏറെ യുവതാരങ്ങള്‍ തിളങ്ങിയ ഐ.എസ്.എല്‍. ദേശീയ ടീമിലേക്ക് ഒരുപിടി കളിക്കാരെ നല്‍കി. ഇപ്പോള്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ സന്ദേശ് ജിംഗാന്‍, ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, സുഭാഷിഷ്, പ്രീതം കോട്ടാല്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഭൂരിഭാഗവും യുവതാരങ്ങളാണ്. 24 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം.

ലോകകപ്പ് യോഗ്യതാറൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് രണ്ടു സൗഹൃദമത്സരങ്ങളില്‍ താരതമ്യേന ചെറുപ്പം ടീമുമായി ഇന്ത്യ കളിക്കുന്നത്. സുനില്‍ ഛേത്രി കളിക്കുന്നില്ല. ഗോള്‍ കീപ്പര്‍മാരായി പരിചയസമ്പന്നരായ സന്ധുവിനും അമരീന്ദറിനും സുഭാശിഷ് റോയിക്കുമൊപ്പം യുവതാരം ധീരജ് സിങ്ങിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റിമാച്ചിന് എന്നും തലവേദന സൃഷ്ടിച്ച സെന്‍ട്രല്‍ ഡിഫന്‍സില്‍ സന്ദേശ് ജിംഗന്‍ തിരിച്ചെത്തുന്നു. ലീഗില്‍ മികച്ച ഫോമില്‍ കളിച്ച പ്രീതം കോട്ടാലുമുണ്ട്. എന്നാല്‍, യുവ സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ ചിങ്‌ലെന്‍സന സിങ്, മലയാളി താരം മഷൂര്‍ ഷെരീഫ് എന്നിവര്‍ ഇടംപിടിച്ചു. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് 19-കാരന്‍ ആകാശ് മിശ്രയാകും.

മധ്യനിര യുവതാരങ്ങളാല്‍ സമ്പന്നമാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ റൗളിന്‍ ബോര്‍ഗെസും റെയ്‌നിയര്‍ ഫെര്‍ണാണ്ടസും യുവതാരങ്ങളായ സുരേഷ് സിങ്ങും ജീക്‌സന്‍ സിങ്ങും. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ അനിരുദ്ധ് ഥാപ്പ, അപുയ, എന്നിവരുണ്ട്.

 

Top