20 മിനിറ്റിനുള്ളില്‍ ഫലം; കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഹൈദരാബാദ് ഐഐടി

ഹൈദരാബാദ്: ഇരുപത് മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭ്യമാക്കുന്ന കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. നിലവില്‍ കോവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കുന്ന രീതിയായ റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ രീതി അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പുതിയ പരീക്ഷണ രീതിയാണിതെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.

550 രൂപയാണ് ഇപ്പോള്‍ വികസിപ്പിച്ച ടെസ്റ്റ് കിറ്റിന്റെ വിലയെന്നും എന്നാല്‍ വന്തോതില്‍ ഉല്പാദിപ്പിക്കുമ്പോള്‍ ഇത് 350 രൂപയായി കുറയ്ക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജിലും ഹൈദരാബാദിലെ ആശുപത്രിയിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ഇവര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയിരിക്കുകയാണ്.

അതേസമയം, കോവിഡ് -19 ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇത് വഴി രോഗലക്ഷണമുള്ളവരും ഇല്ലാത്തവരുമായവരെ 20 മിനിറ്റിനുള്ളില്‍ പരിശോധിച്ച് ഫലം ലഭിക്കുമെന്നും ഹൈദരാബാദിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ ശിവ ഗോവിന്ദ് സിംഗ് പറഞ്ഞു. റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ അല്ലാതെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ ടെസ്റ്റ് കിറ്റിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പരിശോധന കിറ്റ് വികസിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ അക്കാദമിക് സ്ഥാപനമാണ് ഐഐടി-ഹൈദരാബാദ്.

Top