IIT pupil tries to sell kidney to repay loan, but no takers for ‘dalit organ’

ആഗ്ര: അതിജീവനത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ഹൈദരാബാദ്‌ സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലക്കുണ്ടാണ്ടായ അനുഭവത്തിന്റെ മറ്റൊരു ഇര ആഗ്രയില്‍.

2.7 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ അടച്ചു തീര്‍ക്കാന്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഐഐടിയില്‍ രണ്ടാം വര്‍ഷ മൈനിങ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മഹേഷ് വാല്‍മീകിക്ക് വൃക്ക വില്‍ക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗമുണ്ടായിരുന്നില്ല.

വൃക്കക്കച്ചവടം നടത്തുന്ന മാഫിയയെ തന്നെ സമീപിച്ചു മഹേഷ്. അവര്‍ ചോദിച്ചത് വൃക്കയല്ല. മഹേഷിന്റെ ജാതിയാണ്. ദളിതനാണെന്ന് അറിയിച്ചപ്പോള്‍ അവര്‍ക്ക് വൃക്ക വേണ്ട. വൃക്കക്കും ദളിതത്വമുണ്ടെന്ന ഞെട്ടലില്‍ മഹേഷ് വാരണാസിയിലേയും അല്‍വാറിലേയും അഞ്ച് ആശുപത്രികളെ സമീപിച്ചു. ഡോക്ടര്‍മാരും കൈമലര്‍ത്തി. ഒരു ദളിതന്റെ വൃക്ക ആരും സ്വീകരിക്കില്ലെന്ന് അവര്‍ അറിയിച്ചു. ഒടുവില്‍ മിടുക്കനായ ഈ വിദ്യാര്‍ത്ഥി വായ്പ തിരിച്ചടക്കാനാകാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

നിത്യ ജീവിതത്തിന് ഇപ്പോള്‍ സ്വന്തം ഗ്രാമമായ രാജസ്ഥാനിലെ അല്‍വാറില്‍ മാസം 4000 രൂപ ശമ്പളമുള്ള സ്വീപ്പറുടെ പണിയെടുക്കുകയാണ് മഹേഷ്. പഠനം മുടങ്ങിയതിലെ അസ്വസ്ഥതയില്‍ സദാ ആത്മഹത്യയേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് മഹേഷ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു.

തുച്ഛമായ വരുമാനത്തില്‍ നിന്ന് വായ്പ അടച്ചു തീര്‍ക്കാനാകാതെ വന്നപ്പോള്‍ മഹേഷിന്റെ സുഹൃത്തുക്കള്‍ പ്രശ്‌നം ഹിന്ദു സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സന്ദീപ് പാണ്ഡെയുടെ ശ്രദ്ധയില്‍ പെടുത്തി.

ദിവസങ്ങള്‍ക്കകം ക്യാംപസിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ സന്ദീപ് പാണ്ഡെ മഹേഷിന് വായ്പത്തുക സമാഹരിച്ചു നല്‍കി.

പക്ഷേ ജീവിതം പിന്നെയും ഈ ദളിത് വിദ്യാര്‍ത്ഥിയുടെ മുന്നില്‍ പ്രതിസന്ധി തീര്‍ത്തു. പിതാവ് വാദരോഗിയാണ്. അമ്മ വീട്ടുജോലിക്കുപോയാണ് കുടുംബം നോക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ പണിയെടുത്ത് വീടിനൊരു താങ്ങാകാനായിരുന്നു മഹേഷിന്റെ തീരുമാനം. ‘സന്ദീപ് സാറിനെ ദൈവം അയച്ചതാണ്. അദ്ദേഹം നല്‍കിയ പണം ഞാന്‍ തിരിച്ചു നല്‍കും’. മഹേഷിന് ഈയൊരു ലക്ഷ്യം കൂടിയുണ്ട്.

ഐഐടിയില്‍ അധ്യാപകരുടെ പ്രിയ വിദ്യാര്‍ത്ഥികൂടിയായിരുന്നു മഹേഷ്. പഠിക്കാന്‍ അതിസമര്‍ത്ഥന്‍. പത്താംക്ലാസില്‍ 85 ശതമാനം മാര്‍ക്ക്. അസുഖ ബാധിതനായിട്ടും വീട്ടുപണിക്ക് പോയാണ് മഹേഷ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. ഐഐടി പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുണ്ടായിരുന്നു. പഠന ചെലവിന് വായ്പയെടുക്കുകയല്ലാതെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ‘ നമ്മുടെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൂറുകണക്കിന് രോഹിത് വെമുലമാരുണ്ട്. ചിലര്‍ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ചിലര്‍ക്ക് എന്നേപോലെ സന്ദീപ് സാറിനേപ്പോലുള്ളവരുടെ സഹായം ലഭിക്കുന്നു’. മഹേഷ് ചൂണ്ടിക്കാട്ടി.

Top