ന്യൂഡല്‍ഹി:മൂടല്‍ മഞ്ഞില്‍ നിന്നും വെള്ളം വേര്‍തിരിച്ചെടുക്കാവുന്ന സംവിധാനവുമായി ഐഐടി സംഘം. വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന സസ്യത്തിന്റെ ഇലകള്‍ ഉപയോഗിച്ച് മഞ്ഞു കണങ്ങളില്‍ നിന്നും മൂടല്‍ മഞ്ഞില്‍ നിന്നും വെള്ളം വേര്‍തിരിച്ചെടുക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സമാനമായ രീതിയാണ് ഐഐടിയും വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഡ്രാഗണ്‍ ലില്ലിച്ചെടിയുടെ മാതൃകയിലാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ഇലയുടെ ഉപരിതലം ജലം വേര്‍തിരിക്കുന്ന തരത്തിലുള്ള കഴിവ് ഉള്‍ക്കൊള്ളുന്നവയാണ്. അതേ വിന്യാസങ്ങളും പ്രത്യേകതകളും അതേ പോലെ തന്നെ പോളിമര്‍ വസ്തുക്കളില്‍ ക്രമീകരിച്ചാണ് പുതിയ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്.
ഇലകളിലെ പാറ്റേണ്‍ ഉപയോഗപ്പെടുത്തി ഉണ്ടാക്കിയ സംവിധാനം 230 ശതമാനം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഐടി സംഘാംഗങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലെ വളരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായി ശുദ്ധജലം ലഭ്യമാക്കാന്‍ ഈ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് ഐഐടിയുടെ പ്രതീക്ഷ.