ന്യൂഡല്‍ഹി: മദ്രാസ് ഐഐടി യില്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്നു പിതാവ് ലത്തീഫ്. പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് പറഞ്ഞു.
തന്നെ മാനസികമായി പീഡിപ്പിച്ച ഓരോരുത്തരുടെയും പേരുകള്‍ ഫാത്തിമ എഴുതിവച്ചിട്ടുണ്ട്. ഇതില്‍ മലയാളികളുമുണ്ടെന്ന് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. എന്‍ആര്‍ഐ മലയാളി വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. പേരുകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേസ് അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനും ഫാത്തിമയുടെ കുടുംബത്തിനൊപ്പമുണ്ട്.
നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ പറഞ്ഞിരുന്നത്.