പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്‌നത്തിന്റെ പേരിലുള്ള തെറ്റായ പ്രചരണങ്ങൾക്കെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള വിഷയത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകൾ ഇടപെട്ടില്ലെന്നും അതിനാല്‍ ഇളയരാജ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്നുമായിരുന്നു പ്രചരണം. ഇതിനെതിരെയാണ് ഇളയരാജ രംഗത്ത് വന്നിരിക്കുന്നത്. താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇളയാജ പ്രതികരിച്ചു. ഡിസംബറിലാണ് ഇളയരാജ പ്രസാദ് സ്റ്റുഡിയോയിലെ തന്റെയിടം ഒഴിഞ്ഞുകൊടുത്തത്. അവിടെ സൂക്ഷിച്ചിരുന്ന തന്റെ വസ്തുക്കള്‍ അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. പുരസ്‌കാരങ്ങള്‍, സംഗീതോപകരണങ്ങള്‍, ഏഴ് അലമാരകള്‍ തുടങ്ങിയവയാണ് അവിടെ ഉണ്ടായിരുന്നത്.
ഇളയരാജ 30 വര്‍ഷമായി പ്രസാദ് സ്റ്റുഡിയോയുടെ മുറിയാണ് റെക്കോഡിങ്ങിനായി ഉപയോഗിച്ചിരുന്നത്. സ്റ്റുഡിയോയുടെ സ്ഥാപകന്‍ എല്‍.വി. പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, 30 വര്‍ഷത്തിലേറെയായി ഉപയോഗിച്ചിരുന്ന സ്റ്റുഡിയോയില്‍നിന്ന് തന്നെ പുറത്താക്കുന്നതിനെ എതിര്‍ത്തും അവിടെ ഒരു ദിവസം ധ്യാനം ചെയ്യാന്‍ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങള്‍ക്കെതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകള്‍ നിലപാടെടുത്തതോടെ ഇളയരാജ കേസുകള്‍ പിന്‍വലിക്കാമെന്ന് കോടതിയില്‍ സമ്മതിക്കുകയായിരുന്നു.