ധ്യാനം ചെയ്യാന്‍ അനുമതി ലഭിച്ചെങ്കിലും പ്രസാദ് സ്റ്റുഡിയോയില്‍ പോകാതെ ഇളയരാജ

ilayaraja

ചെന്നൈ: ഒരു ദിവസം ധ്യാനം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചെങ്കിലും സംഗീത സംവിധായകൻ ഇളയരാജ തിങ്കളാഴ്ച പ്രസാദ് സ്റ്റുഡിയോയില്‍ പോയില്ല. സ്റ്റുഡിയോയിലെ ഇളയരാജ ഉപയോഗിച്ചുവന്ന മുറി തകര്‍ക്കപ്പെട്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചതോടെയാണ് ഇളയരാജ സന്ദർശനം ഒഴിവാക്കിയത്. .30 വര്‍ഷത്തിലേറെയായി ഉപയോഗിച്ചു വന്ന റിക്കോർഡിങ് തിയറ്റർ പൊളിച്ച നിലയിൽ നേരിൽ കാണുന്നത് വിഷമം ഉണ്ടാക്കുന്നതിനാലാണ് ഇത് ഒഴിവാക്കിയതെന്ന് ശരവണന്‍ പറഞ്ഞു.

സ്റ്റുഡിയോയില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനെ എതിര്‍ത്തും അവിടെ ഒരുദിവസം ധ്യാനംചെയ്യാന്‍ അനുമതി തേടിയും ഇളയരാജ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ തങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെങ്കില്‍ പ്രവേശിപ്പിക്കാമെന്ന് പ്രസാദ് സ്റ്റുഡിയോ ഉടമകള്‍ നിലപാടെടുത്തതോടെ കേസുകള്‍ പിന്‍വലിക്കാമെന്ന് ഇളയരാജ കോടതിയില്‍ സമ്മതിച്ചിരുന്നു. സന്ദര്‍ശനസമയം ഇരുവിഭാഗത്തിനും കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. അതുപ്രകാരം തിങ്കളാഴ്ച സ്റ്റുഡിയോയിലെത്താനും സംഗീതോപകരണങ്ങളും മറ്റു വസ്തുക്കളും എടുത്തുകൊണ്ടുപോകാമെന്നും തീരുമാനിച്ചു. അതിന്റെ ഭാഗമായി രാജയുടെ സഹായികള്‍ പ്രസാദ് സ്റ്റുഡിയോയിലെത്തിയപ്പോഴാണ് അവിടെ ഇളയരാജ ഉപയോഗിച്ചിരുന്ന മുറി പൊളിച്ചുനീക്കിയതായി കണ്ടത്. അവിടെയുണ്ടായിരുന്ന പുരസ്‌കാരങ്ങള്‍, സംഗീതോപകരണങ്ങള്‍ തുടങ്ങിയവ മറ്റൊരു മുറിയില്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതേക്കുറിച്ചറിഞ്ഞ് ഇളയരാജ വളരെയധികം മനോവിഷമത്തിലായെന്ന് അഭിഭാഷകന്‍ പറഞ്ഞു.

താക്കോല്‍ തങ്ങളുടെ കൈവശമുണ്ടായിരുന്നതിനാല്‍ സ്റ്റുഡിയോയില്‍ ഇളയരാജ ഉപയോഗിച്ചിരുന്ന മുറിയിലെ വസ്തുക്കള്‍ സുരക്ഷിതമായി അവിടെയുണ്ടാകുമെന്നാണ് കരുതിയത്. അതുവിശ്വസിച്ചാണ് കോടതിയില്‍നിന്ന് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറായത്. ഈ വിവരങ്ങള്‍ കോടതി നിയമിച്ച ഉദ്യോഗസ്ഥരെ ധരിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. പ്രസാദ് സ്റ്റുഡിയോ സ്ഥാപകനായ എല്‍.വി. പ്രസാദ് വാക്കാലുള്ള അനുമതി നല്‍കിയതിനാലാണ് ഇളയരാജ റെക്കോഡിങ്ങിന് സ്റ്റുഡിയോ ഉപയോഗിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ രാജയോട് സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Top