കള്ളത്തോക്കുകള്‍, പുറമെ നിന്നെത്തിയ ഗുണ്ടകള്‍; ഡല്‍ഹിയില്‍ അരക്ഷിതാവസ്ഥ വിതച്ചത് ഇവര്‍!

ലാപം ഒഴിഞ്ഞ ഡല്‍ഹിയിലെ പ്രദേശങ്ങളില്‍ തകര്‍ന്നുപോയ ജീവിതം ചികഞ്ഞെടുക്കുകയാണ് നൂറുകണക്കിന് ആളുകള്‍. മറ്റ് ചിലര്‍ തല്‍ക്കാലത്തേക്കെങ്കിലും വീടുകള്‍ ഉപേക്ഷിച്ച് പോകുന്നു. കഴിഞ്ഞ നാല് ദിവസങ്ങള്‍ ഡല്‍ഹിയിലെ നോര്‍ത്ത് ഈസ്റ്റ് പ്രദേശത്ത് സിഎഎ അനുകൂലികളും, എതിരാളികളും തമ്മില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മറ്റൊരു ഞെട്ടിക്കുന്ന വിവരവും ഇപ്പോള്‍ പുറത്തുവരികയാണ്.

ഹരിയാന, ഉത്തര്‍പ്രദേശിലെ ലോണി, ഗാലിയാബാദ്, ബാഗ്പത് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ തോക്കുകളും, ഗുണ്ടകളുമാണ് എരിതീയില്‍ എണ്ണയൊഴിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇവര്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ടത് വെടിയുണ്ടകള്‍ ഏറ്റാണെന്ന വസ്തുതയാണ് പോലീസിനെ ഞെട്ടിച്ചത്.

പോലീസിനെ ഭയക്കാതെ പട്ടാപ്പകല്‍ നിരപരാധികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ കലാപകാരികള്‍ തയ്യാറായി. 22 പേരുടെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. പത്ത് പേരാണ് വെടിയേറ്റ് മരിച്ചത്. പരുക്കേറ്റ ഇരുനൂറിലേറെ പേരില്‍ നിരവധി പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. കല്ലേറിനിടെ മരിച്ചെന്ന് കരുതിയ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ വെടിയേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തിരിച്ചറിഞ്ഞത്.

സംഘര്‍ഷബാധിത പ്രദേശങ്ങളിലെ തെരച്ചിലില്‍ കണ്ടെടുത്ത ബുള്ളറ്റ് ഷെല്ലുകളും നാടന്‍ തോക്കുകളും, അത്യാധുനിക ആയുധങ്ങളും വ്യാപകമായി അക്രമങ്ങളില്‍ ഉപയോഗിച്ചെന്നാണ് തെളിയിക്കുന്നത്. കലാപകാരികള്‍ തോക്ക് ഉപയോഗിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ബിഹാര്‍, യുപി തുടങ്ങിയ ഇടങ്ങളിലെ അനധികൃത ഫാക്ടറികളില്‍ നിന്നും 1500 രൂപയ്ക്ക് വരെ തോക്ക് ലഭിക്കും.

പുറമെ നിന്നെത്തിയ ഗുണ്ടാ സംഘങ്ങള്‍ പ്രദേശവാസികള്‍ക്കിടയില്‍ ഇറങ്ങിയാണ് അക്രമങ്ങളിലേക്ക് നയിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. അറസ്റ്റിലായവരില്‍ 120ഓളം പേരാണ് പുറമെ നിന്നുള്ളവര്‍. വസ്തുവകള്‍ നശിപ്പിക്കാനും, തീകൊളുത്താനും, കല്ലേറിനും നേതൃത്വം നല്‍കിയ ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങളും പ്രചരിപ്പിച്ചു. ഷഹീന്‍ ബാഗ്, ജാമിയ പ്രദേശത്തേക്കും കലാപം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍.

തിങ്കളാഴ്ചയോടെ പ്രദേശവാസികളുടെ കൈയില്‍ നിന്നും പ്രതിഷേധം പുറമെ നിന്നുള്ള അക്രമികളുടെ കൈയിലേക്ക് മാറി. ഇവര്‍ പരസ്പരം കൈമാറുകയും, പ്രചരിപ്പിക്കുകയും ചെയ്ത സന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ട് മാസത്തോളമായി പ്രകോപനപരമായ വീഡിയോകളും, പ്രഭാഷണങ്ങളും പ്രചരിപ്പിച്ച് വരുന്നുണ്ടായിരുന്നുവെന്നും ശ്രോതസ്സുകള്‍ പറയുന്നു.

Top