മെക്‌സിക്കോ കുടിയേറ്റക്കാരെ സൈനിക ശക്തി കൊണ്ട് നേരിടാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ച് ട്രംപ്

trump

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന മെക്‌സിക്കോ പൗരന്മാരെ സൈനിക ശക്തി കൊണ്ട് നേരിടാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റിജെന്‍ നെല്‍സണാണ് ഇക്കാര്യം അറിയിച്ചത്. മെക്‌സിക്കോ അതിര്‍ത്തിയിലെ നിയമലംഘനങ്ങള്‍ അമേരിക്കയുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്നതാണെന്ന് ട്രംപ് പ്രഖ്യാപനത്തില്‍ എഴുതി.

പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ ട്രംപ് തീരുമാനിച്ചത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും ഇതിനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്നുമാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.

മെക്‌സിക്കോയില്‍നിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായി അതിര്‍ത്തിയില്‍ 3, 218 കിലോമീറ്റര്‍ നീളമുള്ള മതില്‍ പണിയുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ലഹരിമരുന്ന് കടത്തും ഭീകരരുടെ നുഴഞ്ഞു കയറ്റവും അവസാനിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Top