അനധികൃത പാസ്‌പോര്‍ട്ട്; പശ്ചിമബംഗാളിലും, സിക്കിമിലും അമ്പതോളം ഇടങ്ങളില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി:പശ്ചിമബംഗാളിലും, സിക്കിമിലും അമ്പതോളം ഇടങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട റാക്കറ്റിനായി സിബിഐ പരിശോധന നടത്തി. ഇരു സംസ്ഥാനങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് റാക്കറ്റിനേക്കുറിച്ച് വിവരംലഭിച്ചതായി ശനിയാഴ്ചയാണ് സിബിഐ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ സിലിഗുരി പാസ്പോര്‍ട്ട് സേവ ലഘു കേന്ദ്രാസ് (പിഎസ്എല്‍കെ) സീനിയര്‍ സൂപ്രണ്ടിനേയും ഇടനിലക്കാരേയും അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്തവര്‍ക്കും പ്രവാസികള്‍ക്കും പാസ്പോര്‍ട്ട് ലഭ്യമാക്കിയതായി സിബിഐ പറയുന്നു. സംഭവത്തില്‍ 24 പേര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യവ്യക്തികളുമുണ്ട്. വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് അനുവദിച്ചതിനാണ് അന്വേഷണസംഘം കേസെടുത്തിരിക്കുന്നതെന്ന് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധന നടന്നുവരികയാണെന്നും നിരവധി പേര്‍ സംശയത്തിന്റെ നിഴലിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. റാക്കറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായി സ്ഥിരീകരിക്കുന്ന രേഖകള്‍ കണ്ടെത്തിയതായും സിബിഐ വക്താവ് പ്രതികരിച്ചു.

ചില സ്വകാര്യവ്യക്തികള്‍ വ്യാജരേഖകള്‍ ഹാജരാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാസ്പോര്‍ട്ടുകള്‍ നേടിയെടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായുള്ള വിവരം സിബിഐയ്ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിബിഐ അന്വേഷണം. കൊല്‍ക്കത്ത, സിലിഗുരി, ഗാങ്ടോക് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തുന്നത്.

Top