അനധികൃത സ്വത്ത് കേസ് പുനഃപരിശോധന: ഒ.പനീര്‍സെല്‍വം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കീഴ്‌ക്കോടതി വിധി സ്വമേധയാ പുനഃപരിശോധിക്കാനുള്ള ഹൈക്കോടതിയുടെ നീക്കത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തന്നോടും കുടുംബാംഗങ്ങളോടും മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി അയച്ച നോട്ടിസ് റദ്ദാക്കണമെന്ന ഒപിഎസിന്റെ ആവശ്യവും ജസ്റ്റിസ് ഹൃഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി.

2001നും 2006നും ഇടയില്‍ അണ്ണാഡിഎംകെയില്‍ റവന്യു മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ച് 2006ല്‍ അഴിമതി നിരോധന നിയമപ്രകാരം ഒ.പനീര്‍ശെല്‍വത്തിനെതിരെ കേസെടുത്തിരുന്നു. 2012ല്‍ ശിവഗംഗ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.ഈ വിധിയാണു ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പുനഃപരിശോധിക്കുന്നത്. നിലവിലെ ഡിഎംകെ മന്ത്രിമാരായ കെ.കെ.എസ്.എസ്.ആര്‍.രാമചന്ദ്രന്‍, തങ്കം തെന്നരശ്, അണ്ണാഡിഎംകെ മുന്‍ മന്ത്രി ബി.വളര്‍മതി എന്നിവര്‍ക്കെതിരെയും ജഡ്ജി സ്വമേധയാ പുനഃപരിശോധനാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Top