തൊടുപുഴ: ഇടുക്കി ജില്ലയില്‍ നടക്കുന്ന അനധികൃത ട്രക്കിങ്ങിനെതിരെ റവന്യൂ വകുപ്പ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ മുഴുവന്‍ ട്രക്കിങ് സ്ഥാപനങ്ങള്‍ക്കും ട്രീ ഹൗസുകള്‍ക്കും നോട്ടീസ് നല്‍കി. ഉടുമ്പന്‍ ചോല, ദേവികുളം തഹസില്‍ദാര്‍മാരാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
നിര്‍ദേശിച്ചിരിക്കുന്ന ദിവസത്തിനുള്ളില്‍ വിശദീകരണം ലഭിക്കാത്ത പക്ഷം അടച്ചുപൂട്ടുന്നതിലേക്കുള്ള നടപടിയിലേക്ക് കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് വിവരം. വനമേഖലയിലുള്ള മുഴുവന്‍ ട്രക്കിങ്ങും നിരോധിച്ചതിനു പിന്നാലെയാണ് നടപടി.
കുരങ്ങിണി അപകടത്തിനു പിന്നാലെയാണ് റവന്യൂ വകുപ്പിന്റെ നീക്കം. ഇടുക്കി-തമിഴ്നാട് അതിര്‍ത്തിയില്‍ തേനിക്കു സമീപം കുരങ്ങിണിമലയില്‍ കഴിഞ്ഞദിവസമുണ്ടായ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ്ങിനെത്തിയ സംഘത്തിലെ 15 പേര്‍ മരിച്ചിരുന്നു. തമിഴ്നാട് സ്വദേശികളായിരുന്നു അപകടത്തില്‍ മരിച്ചവര്‍.
എന്നാല്‍ കുരങ്ങിണി അപകടത്തിനു മുമ്പേ തന്നെ അനധികൃത ട്രക്കിങ് നിരോധിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നെന്നാണ് റവന്യൂ വകുപ്പിന്റെ അവകാശവാദം. കുരങ്ങിണി അപകടത്തിനു പിന്നാലെ നടപടിയുടെ വേഗത വകുപ്പ് വര്‍ധിപ്പിക്കുകയായാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഉടുമ്പന്‍ ചോല, ദേവികുളം താലൂക്കുകളിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ട്രക്കിങും മറ്റ് സാഹസിക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പരിപാടികളും നടക്കുന്നത്. ട്രക്കിങ്ങ് വനമേഖലയിലും സാഹസിക വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികള്‍ സര്‍ക്കാര്‍ ഭൂമിയിലും റവന്യൂ ഭൂമിയിലുമാണ് നടക്കുന്നതെന്ന് വനം വകുപ്പിന്റെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം ആനസവാരിയിലൂടെയും ജീപ്പ് സവാരിക്കിടയിലും വിനോദസഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെ അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റവന്യൂ വകുപ്പിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പരിശീലനം കൂടാതെ ഇത്തരം പരിപാടികള്‍ നടപ്പാക്കുന്ന മുഴുവന്‍ ആളുകളെ കുറിച്ച് പഠിക്കുന്നതിനും ഏതുരീതിയിലാണ് ഇവ നടപ്പാക്കുന്നതെന്ന് അറിയാനുമാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.