illegal appoinments in dpc-40ci promoting dysp

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ നാല്‍പതോളം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരെ ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി (ഡിപിസി) കൂടാതെ ഡിവൈഎസ്പിമാരായി പ്രമോട്ട് ചെയ്യാന്‍ നീക്കം.

ഇതു സംബന്ധമായ ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. പൊലീസ് ആസ്ഥാനത്ത് നിന്നാണ് പ്രമോഷന്‍ പരിഗണിക്കേണ്ട സിഐമാരുടെ ലിസ്റ്റ് കൈമാറിയിരിക്കുന്നത്.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും ഡിപ്പാര്‍ട്ട്‌മെന്റല്‍ നടപടിക്ക് വിധേയരായവരുമടക്കമുള്ളവര്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ (കണ്‍സള്‍ട്ടേഷന്‍) റഗുലേഷന്‍ 1957 നിയമപ്രകാരം ഓള്‍ ഇന്ത്യന്‍ സര്‍വ്വീസ് ഒഴികെയുള്ള എല്ലാ ഉദ്ദ്യോഗസ്ഥരുടെയും ഉദ്ദ്യോഗ കയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പിഎസ്‌സിയുമായി കണ്‍സള്‍ട്ട് ചെയ്തതിന് ശേഷമേ തീരുമാനം എടുക്കാന്‍ പാടുള്ളൂ എന്നാണ് വ്യക്തമാക്കുന്നത്.

സിഐ-ഡിവൈഎസ്പി തസ്തികയിലുള്ളവരുടെ പ്രമോഷന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമിതിയുടെ ചെയര്‍മാന്‍ പി.എസ്.സി ചെയര്‍മാനാണ്. സംസ്ഥാന പൊലീസ് മേധാവി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഇപ്പോള്‍ ധൃതിപിടിച്ച് കമ്മിറ്റി വിളിച്ച് ചേര്‍ക്കാതെ പ്രമോട്ട് ചെയ്യാന്‍ നീക്കം നടത്തുന്നതിന് പിന്നില്‍ ചില ‘ഇടപെടലുകള്‍’ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമായിരിക്കും ഇനി നിര്‍ണ്ണായകമാവുക. ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞ് കേരളത്തിലെത്തിയ മുഖ്യമന്ത്രി മുന്‍പാകെ ഇതു സംബന്ധമായ ഫയല്‍ തീരുമാനം കാത്ത് കിടക്കുകയാണ്.

Top