ഹാഫിസ് സെയിദിന്റെ ആരാധകന്‍, ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് സഹായം ചെയ്യാറുണ്ടെന്ന് മുഷറഫ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് തങ്ങള്‍ സഹായം ചെയ്യാറുണ്ടെന്ന് സമ്മതിച്ച് മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്.

മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലെഷ്‌കറെ ത്വയിബ നേതാവ് ഹാഫിസ് സെയിദിന്റെ ഏറ്റവും വലിയ ആരാധകനാണ് താന്‍. കാശ്മീര്‍ താഴ് വരയില്‍ ലഷ്‌കര്‍ തീവ്രവാദികള്‍ ഇപ്പോഴും വളരെ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ എ.ആര്‍.വൈ ന്യൂസിനോടാണ് മുഷറഫിന്റെ വെളിപ്പെടുത്തല്‍.

ലഷ്‌കറും ജമാഅത്തു ദഅ്വയും എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. താന്‍ പലപ്പോഴും ഹാഫിസ് സെയിദിനെ കണ്ടിട്ടുണ്ട്. കാശ്മീരിലെ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണെന്നും മുഷറഫ് ചൂണ്ടിക്കാട്ടി.

കാശ്മീരിലെ ഏറ്റവും വലിയ സംഘടനയായ ലെഷ്‌കറിന്റെ പ്രവര്‍ത്തനങ്ങളെ താന്‍ സഹായിച്ചിട്ടുണ്ട്. അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യ ലെഷ്‌കറിനെ തീവ്രവാദികളാക്കി മാറ്റിയെന്നും മുഷറഫ് ആരോപിച്ചു.

മുംബയ് ഭീകരാക്രമണക്കേസില്‍ ഹാഫിസ് സെയിദ് കുറ്റക്കാരനല്ലെന്നും മുഷറഫ് പറഞ്ഞു. തനിക്കതില്‍ പങ്കില്ലെന്ന് സെയിദ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2002ല്‍ മുഷറഫ് പ്രസിഡന്റായിരിക്കെ ലഷ്‌കറിനെ നിരോധിച്ചതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നും മുഷറഫ് മറുപടി പറഞ്ഞു. ഒരു പക്ഷേ കൂടുതല്‍ കാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍ അവരെ നിരോധിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top