കൊവിഡ് മൂന്നാം തരംഗം സാധ്യത മുന്നില്‍ക്കണ്ട് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഐഎംഎ

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം സാധ്യത മുന്നില്‍ക്കണ്ട് അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വകഭേദമായ ഒമിക്രോണ്‍, കൊവിഡ് മൂന്നാം തരംഗമായി സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനും രോഗ ചികിത്സ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ട സമയമാണിത്. എങ്കില്‍ മാത്രമേ ഫലപ്രദമായ രീതിയില്‍ രോഗനിയന്ത്രണം സാധ്യമാക്കാന്‍ കഴിയുകയുള്ളൂ എന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് എത്രയും വേഗം പരിഹരിക്കണം. അതിവേഗ വ്യാപനശേഷിയുള്ള വൈറസ് ആയതിനാല്‍ വളരെ വേഗം ധാരാളം ആളുകള്‍ കൊവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ട്. ആശുപത്രി ചികിത്സ വേണ്ട രോഗികളുടെ എണ്ണവും ആനുപാതികമായി കൂടും.

കൂടുതല്‍ ആളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊവിഡ് ബാധിതരാകുമെന്നതിനാല്‍ തന്നെ കൊവിഡ് ബ്രിഗേഡ് പുനഃസ്ഥാപിക്കുന്നതിനെ പറ്റി ഗൗരവമായി സര്‍ക്കാര്‍ ആലോചിക്കണം. നിര്‍ത്തലാക്കപ്പെട്ട കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പുനഃസ്ഥാപിക്കണം.

മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്ഥമായി കൊവിഡ് രോഗ ചികിത്സയോടൊപ്പം തന്നെ നോണ്‍ കൊവിഡ് രോഗ ചികിത്സയും മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകാന്‍ വേണ്ട സംവിധാനങ്ങളും ഒരുക്കണം. ജീവിത ശൈലീ രോഗചികിത്സയിലും മറ്റു കൊവിഡ് ഇതര രോഗചികിത്സയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ജാഗ്രത കുറവ് ആരോഗ്യ പരിപാലന രംഗത്തു വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഒമിക്രോണ്‍ വ്യാപനം കൂടുതലുള്ള വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന പൗരന്മാര്‍ക്കുള്ള ക്വാറന്റയിന്‍ നിബന്ധന തത്ക്കാലം തുടരണം.

പി.ജി. വിദ്യാര്‍ത്ഥികളെ കൊവിഡ് ഡ്യൂട്ടിക്കു മാത്രമായി നിയമിക്കുന്ന പ്രവണത ആരോഗ്യ പരിപാലന രംഗത്തു പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. കൊവിഡ് ഡ്യൂട്ടിയില്‍ നിന്നും അവരെ ഒഴിവാക്കി അവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിവിധ പി.ജി. വിഷയങ്ങള്‍ പഠിക്കാന്‍ സഹായകമായ നിലപാടുകളുണ്ടാകണം. ഒപ്പം കൊവിഡ് ചികിത്സയ്ക്കായി പ്രത്യേകം ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിച്ച് പ്രതിസന്ധി പരിഹരിക്കണം.

ആഴ്ചകളായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണം. കൊവിഡ് മൂന്നാം തരംഗം ആസന്നമായിരിക്കുന്ന ഈ സമയത്ത് കൊവിഡ് മുന്നണി പോരാളികളെ അവഗണിക്കുന്നത് ആരോഗ്യ പരിപാലന മേഖലയില്‍ വന്‍ പ്രതിസന്ധികള്‍ക്കിടയാക്കും. കൊവിഡ് ചികിത്സാ രംഗത്തു സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പു വരുത്തണം. കൂടുതല്‍ ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ ലഭ്യത, ഐ.സി.യു. കിടക്കകള്‍ എന്നിവ ഉറപ്പാക്കണം.

പ്രകടമായ ലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്ക് കൃത്യമായ ഗൃഹവാസ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്തു നല്‍കേണ്ടതും ക്വാറന്റയിന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ഗൗരവമല്ലാത്ത രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ടെസ്റ്റുകള്‍ക്കു വിധേയരായില്ലെങ്കില്‍ കൂടി സ്വയം ഐസൊലേഷനില്‍ പ്രവേശിക്കേണ്ടതാണ്.

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ കുത്തിവെയ്പ് എത്രയും വേഗം പൂര്‍ത്തിയാക്കണം. 15 വയസ്റ്റിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നാലാഴ്ച ഇടവേളയിലുള്ള രണ്ടു കുത്തിവെയ്പുകള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. രോഗവ്യാപനം കൂടുതല്‍ ബാധിക്കാന്‍ സാദ്ധ്യതയുള്ള നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അറുപതു കഴിഞ്ഞ അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി നല്‍കണം. കൊവിഡ് പ്രതിരോധ കുത്തിവെയ്പുകള്‍ തീവ്രരോഗം ഉണ്ടാകാതെ സംരക്ഷിക്കും. ഇവരില്‍ ആശുപത്രി വാസത്തിന്റെ ആവശ്യകതയും മരണ നിരക്കും കുറവായി കാണുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കുന്നു എന്നുറപ്പു വരുത്തണം. നിലവാരമുള്ള മാസ്‌കു ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുക എന്നിവ നിര്‍ബന്ധമായും പാലിക്കണം. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടലിലേക്കു പോകേണ്ട സാഹചര്യമില്ല. രണ്ടാഴ്ചത്തെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തു മാത്രമേ ഭാവിയില്‍ കരുതല്‍ നിയന്ത്രണങ്ങളെപ്പറ്റി തീരുമാനിക്കേണ്ടതുള്ളു എന്നും ഐഎംഎ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Top