തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.)ഇന്ന് രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിലേക്ക്. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ചാണ് ബന്ദ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കേരളത്തിലും ബന്ദുണ്ടാകും.
മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ പ്രധാനമായും എതിര്‍ക്കുന്നത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ ആവശ്യം.
അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതര പരിചരണ സേവനങ്ങളും ഒഴികെ എല്ലാ ആശുപത്രി സേവനങ്ങളും നിര്‍ത്തിവെക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമണിക്കൂര്‍ ഒ.പി ബഹിഷ്‌കരണവും നടക്കും.
കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കും.