ബൂസ്റ്റര്‍ ഡോസ് ശരിയായ തീരുമാനം, കൊവാക്‌സീന്‍ കൂടുതലായി ലഭ്യമാക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് ഐഎംഎ. ബൂസ്റ്റര്‍ ഡോസിനായി വ്യത്യസ്ത വാക്‌സീന്‍ കുത്തിവെക്കാനാണ് തീരുമാനം എങ്കില്‍ കൊവാക്‌സീന്‍ കൂടുതലായി ലഭ്യമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കൗമാരക്കാര്‍ക്ക് വാക്‌സീന്‍ നല്‍കുന്നതും ശരിയായ തീരുമാനമാണെന്നും, ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് പിജി കൗണ്‍സിലിംഗ് വേഗത്തിലാക്കണമെന്നും ഐഎംഎ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും ഒപ്പം 60 ന് മുകളിലുള്ള എല്ലാവരെയും കൂട്ടിയാല്‍ ആകെ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് ഏതാണ്ട് പതിനൊന്ന് കോടിക്കാണ്. വ്യത്യസ്ത വാക്ലീന്‍ ബൂസ്റ്റര്‍ ഡോസിന് ഉപയോഗിക്കണം എന്ന ശുപാര്‍ശയാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയതെന്ന് സൂചനയുണ്ട്. അതായത് രണ്ട് ഡോസ് കൊവിഷീല്‍ഡ് എടുത്തവരാണെങ്കില്‍ മറ്റൊരു വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കും.

ഈ ശുപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ നാല് വാക്‌സീനുകളാണ് പരിഗണിക്കുന്നത്. ഒന്ന് ബയോ ഇയുടെ കോര്‍ബ് വാക്‌സ്. ഇതിന്റെ പരീക്ഷണം തുടരുകയാണ്. രണ്ടാഴ്ചയില്‍ അനുമതി കിട്ടിയേക്കും. 30 കോടി ഡോസിനായി സര്‍ക്കാര്‍ 1500 കോടി രൂപ അഡ്വാന്‍സ് നല്‍കിയെന്നാണ് സൂചന.

രണ്ട് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവൊ വാക്‌സ്. ചില രാജ്യങ്ങള്‍ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. മൂന്ന് ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന വാക്‌സീന്‍. നാല് ജെന്നോവ ഫാര്‍മസ്യൂട്ടിക്കലിന്റെ ആര്‍എന്‍എ അടിസ്ഥാന വാക്‌സീന്‍. ആറു കോടി വാക്‌സീന്‍ ഈ വര്‍ഷം നല്‍കാമെന്നാണ് കമ്പനി പറയുന്നത്.

Top