ന്യൂഡല്‍ഹി: പഴയതും പ്രാധാന്യം നഷ്ടപ്പെട്ടതുമായ കരാറുകള്‍ റദ്ദാക്കന്‍ സേനകളോട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രതിരോധ സാമഗ്രികളുടെ വാങ്ങുന്നതില്‍ തീരുമാനമെടുക്കുന്ന ഉന്നത തല സമിതിയായ ഡിഫന്‍സ് അക്യുസിഷന്‍സ് കൗണ്‍സില്‍ (ഡി.എ.സി) യോഗത്തിലാണ് പരീക്കര്‍ ഇത് വ്യക്തമാക്കിയത്.
എല്ലാ പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്ന കരാറുകളും അഞ്ചു വര്‍ഷത്തോളമുള്ള നീണ്ട നടപടിക്രമത്തിലൂടെയാണ് കടന്നുപോകുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇത്തരത്തിലുള്ള എണ്‍പത്തിയൊന്ന് കരാറുകള്‍ക്കാണ് തീര്‍പ്പുണ്ടാക്കിയത്. 1.5 ലക്ഷം കോടിയുടെ സൈനിക സാമഗ്രികള്‍ വാങ്ങുന്നതിനുള്ള കരാറുകള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ 314 കരാറുകള്‍ ഇപ്പോഴും തീര്‍പ്പുകല്‍പ്പിക്കാതെ ചുവപ്പുനാടയ്ക്കുള്ളിലാണ്.
പ്രധാനമന്ത്രിയുടെ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പ്രഥമ സ്ഥാനമാണുള്ളത്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടില്‍ ഇന്ത്യ പ്രതിരോധ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുമ്പിലാണ്.