ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റ് ; വിശദമായ പരിശോധന വേണമെന്ന് വനം മന്ത്രി

Forest minister K Raju

തിരുവനന്തപുരം: പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് സംബന്ധിച്ചു വിശദമായ പരിശോധന വേണമെന്ന് വനം മന്ത്രി കെ. രാജു.

അന്തിമ അനുമതി പരിസ്ഥിതി വകുപ്പിന്റേതാണെന്നും പ്ലാന്റ് നിര്‍മിക്കാന്‍ ഒരുങ്ങുന്ന സ്ഥലം വനം വകുപ്പിന്റേതല്ലെന്നും, വനത്തെയോ മൃഗത്തേയോ ദോഷകരമായി ബാധിച്ചാന്‍ അനുമതി നല്‍കില്ലെന്നും വനംമന്ത്രി അറിയിച്ചു.

നേരത്തെ, ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ അനുകൂലിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രസ്താവന നടത്തിയിരുന്നു. ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്റുമായി മുന്നോട്ട് പോകുമെന്നും, വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും കെ.കെ.ശൈലജ അറിയിച്ചിരുന്നു.

ഐഎംഎയുടെ പ്ലാന്റിനെതിരെ വനംവകുപ്പ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പാലോട് ആശുപത്രി മാലിന്യ പ്ലാന്റ് പാടില്ലെന്ന് വിവിധ വകുപ്പുകള്‍ക്ക് തിരുവനന്തപുരം ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാക്കുമെന്നും, വന്യജീവികളെയും ബാധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായ അഗസ്ത്യമലയിലാണ് ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്.

യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ പ്രദേശത്ത് ഒരു ചെറിയ വ്യതിയാനംപോലും വരുത്താന്‍ പാടില്ലെന്ന് ഗാഡ്ഗില്‍ റിപോര്‍ട്ടിലും പരാമര്‍ശമുണ്ട്. കുടിവെള്ളവും പരിസ്ഥിതിയും മലിനപ്പെടുത്തി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പെരിങ്ങമല പഞ്ചായത്തും എതിരാണ്.

Top