കൊവിഡ്19; 25 ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് അടിയന്തര വായ്പ സഹായം അനുവദിച്ച് ഐ.എം.എഫ്

വാഷിങ്ടണ്‍: ലോകത്തിലെ നിലവിലെ സാഹചര്യത്തില്‍ 25 ദരിദ്ര രാജ്യങ്ങള്‍ക്ക് അടിയന്തര വായ്പാ സഹായം അനുവദിച്ച് രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്). ഐ.എം.എഫ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിന് ശേഷം മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റിന ജോര്‍ജീവയാണ് ഇക്കാര്യമറിയിച്ചത്.

അഫ്ഗാനിസ്താന്‍, ബെനിന്‍, ബുര്‍കിന ഫാസോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ചാഡ്, കൊമോറോസ്, ദ് ഗാംബിയ, ഗുനിയ, ഗുനിയ ബിസാവു, ഹെയ്തി, ലൈബീരിയ, മഡഗാസ്‌കര്‍, മലാവി, മാലി, മൊസാബിക്, നേപ്പാള്‍, നൈജര്‍, റുവാണ്ട്, സാവോ തോം ആന്‍ഡ് പ്രിന്‍സിപ്പി, സൈറാ ലിയോണ്‍, സോളമന്‍ ഐലന്‍ഡ്‌സ്, താജിക്കിസ്താന്‍, ടോഗോ, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് അടിയന്തര വായ്പ അനുവദിച്ചത്.

അടിയന്തര മെഡിക്കല്‍ സംവിധാനങ്ങള്‍ക്കും ആശ്വാസ നടപടികള്‍ക്കും വേണ്ടി അടുത്ത ആറു മാസത്തേക്കാണ് സഹായം നല്‍കുക. ദരിദ്ര രാജ്യങ്ങള്‍ക്കുള്ള കടാശ്വാസം രണ്ടു വര്‍ഷത്തേക്ക് ഐ.എം.എഫ് നീട്ടിയിട്ടുണ്ട്. രാജ്യാന്തര നാണയനിധിയിലേക്ക് സംഭാവന നല്‍കിയ യു.കെ. ജപ്പാന്‍, ചൈന, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ക്ക് ക്രിസ്റ്റിന ജോര്‍ജീവ നന്ദി അറിയിച്ചിട്ടുണ്ട്.

Top