ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: 2022ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ 4.4% വളര്‍ച്ച നേടുമെന്നും 2023ല്‍ 3.8% ആയി കുറയുമെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ പ്രവചനം. ലോക വളര്‍ച്ചയുടെ ഏറ്റവും പുതിയ പ്രവചനങ്ങള്‍ പുറത്തിറക്കുന്നതിനിടയില്‍, ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനവും പുതുക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ ഇപ്പോഴും നിലനിര്‍ത്തുന്നുവെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു.

ഗ്ലോബല്‍ മോണിറ്ററിംഗ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2021-22 ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 9% ആണ്. അടുത്ത സാമ്പത്തിക വര്‍ഷമായ 2022-2023ല്‍ വളര്‍ച്ചാ നിരക്ക് സ്ഥിരമായി (9%) തുടരുമെന്നും ഐഎംഎഫ് പ്രവചിച്ചിട്ടുണ്ട്.

ഒമിക്രോണ്‍ തരംഗം നിരവധി മേഖലകളിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കര്‍ശനമായ അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം സഞ്ചാരമേഖലയും തകര്‍ന്നു.

ഇന്ത്യയെ കൂടാതെ, യുഎസ് സമ്പദ്‌വ്യവസ്ഥ 4% വളര്‍ച്ച നേടുമ്പോള്‍ ചൈന 4.8% വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. കാലികമായ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്, 0.8% എന്ന തുച്ഛമായ വ്യത്യാസത്തില്‍, ചൈനയുമായുള്ള വളര്‍ച്ചാ വിടവ് യുഎസ് അവസാനിപ്പിക്കുമെന്നാണ്.

അതേസമയം, യൂറോപ്യന്‍ മേഖലയിലെ സാമ്പത്തിക ഉയര്‍ച്ച ഈ സാമ്പത്തിക വര്‍ഷം 5.2% ല്‍ നിന്ന് 2022-23 ല്‍ 3.9% ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2021ല്‍ 9.5 ശതമാനമായും 2022ല്‍ 8.5 ശതമാനമായും ഐഎംഎഫ് പ്രവചിച്ചിരുന്നു. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ (2022-23) ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കില്‍ 0.5 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് ഏറ്റവും പുതിയ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രൊജക്ഷന്‍ നേരത്തെ 8.5% ആയിരുന്നത് ഇപ്പോള്‍ 9% ആയി ഉയര്‍ന്നു.

Top