ഡൽഹി: ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി . കേന്ദ്ര ബാങ്കിന്റെ നയങ്ങളും സാമ്പത്തിക പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന വസ്തുതകളും ചൂണ്ടിക്കാട്ടിയാണ് ഐഎംഎഫിന്റെ നിലപാട്.
നേരത്തെ 8.2 ശതമാനം വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ നേടുമെന്നായിരുന്നു ഐ എം എഫ് പറഞ്ഞിരുന്നത്. എന്നാൽ ആഗോള തലത്തിലെ സാമ്പത്തിക കാലാവസ്ഥ ഗുണകരമല്ലാത്ത സാഹചര്യത്തിലാണ് പ്രതീക്ഷിത ജിഡിപി നിരക്ക് കുറച്ചത്. 80 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.
ആഗോള തലത്തിൽ സാമ്പത്തിക പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് ഐ എം എഫ് റിപ്പോർട്ട്. ഏപ്രിൽ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്കിലേക്കുള്ള റിപ്പോർട്ടിൽ ആഗോള തലത്തിൽ ജിഡിപി വളർച്ചാ നിരക്ക് 3.2 ശതമാനം ആയിരിക്കുമെന്ന് ഐഎംഎഫ് പറയുന്നു.
ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. 2021 – 22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം ജിഡിപി വളർച്ച കൈവരിച്ചതോടെയാണ് ഈ നേട്ടം. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ചൈനയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം മാത്രമാണ് ജിഡിപി വളർച്ച നേടാനായത്. 2022-23 സാമ്പത്തിക വർഷത്തിൽ ചൈനയ്ക്ക് 3.3 ശതമാനം മാത്രമായിരിക്കും വളർച്ചാ നിരക്കെന്നും ഐഎംഎഫ് പറയുന്നു.