പാരിസ്: ഇമ്മാനുവൽ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 65.1 ശതമാനം വോട്ടു നേടിയാണ് മാക്രോണ്‍ പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നത്. ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മുപ്പത്തൊന്പതുകാരനായ മാക്രോണ്‍.
ഇമ്മാനുവൽ മാക്രോൺ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു. തീവ്രവലതുപക്ഷ നിലപാടുള്ള നാഷണൽ ഫ്രണ്ടിന്റെ മരിൻ ലെ പെന്ന് ആയിരുന്നു എതിരാളി. ഇവർ തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തിനായിട്ടുള്ള മത്സരം. അഭിപ്രായ സർവേകൾ ഫ്രാൻസ്വ ഒളാന്ദ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രികൂടിയായിരുന്ന ഇമ്മാനുവേൽ മക്രോണിനാണു വിജയം പ്രവചിച്ചത്.
അവസാനഘട്ട വോട്ടെടുപ്പിനു മുന്നോടിയായുള്ള ടെലിവിഷൻ സംവാദത്തിലും മാക്രോണിനായിരുന്നു മുൻതൂക്കം. 63 ശതമാനം പ്രേക്ഷകരും മാക്രോണിന് അനുകൂലമായാണു പ്രതികരിച്ചത്.
കഴിഞ്ഞ മാസം 23 നായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. ഈ ഘട്ടത്തിൽ കൂടുതൽ വോട്ട് നേടിയ ഇമ്മാനുവൽ മാക്രോണും(24.01 ശതമാനം) മരിൻ ലെ പെന്നും(21.30 ശതമാനം) അവസാനഘട്ട പോരാട്ടത്തിന് അർഹത നേടുകയായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫ്രാൻസ്വ ഫില്ലണ്‍(20.1), തീവ്ര ഇടതുപക്ഷ വിഭാഗമായ ലാ ഫ്രാൻസ് ഇൻസൂമിസിന്റെ ഴാങ് ലൂക് മെലെൻഷൻ(19.58), സോഷ്യലിസ്റ്റ് പാർട്ടിയുടെ ബെനോയ്റ്റ് ഹാമൻ(6.36) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ഫ്രാൻസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഭാവി നിശ്ചയിക്കുന്നതിൽ ഫ്രഞ്ച് ജനവിധിക്ക് നിർണായകമായ സ്ഥാനമാണുള്ളത്. ഭീകരാക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പിന് ഏർപ്പെടുത്തിയിരുന്നത്.
അരലക്ഷത്തിലേറെ പോലീസുകാരും പതിനായിരത്തോളം ഭീകരവിരുദ്ധ സേനാംഗങ്ങളും സൈനികരും തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല വഹിച്ചു.