impact-protest against Nivin pauly movie Sakhav road show

കണ്ണൂര്‍: നിവിന്‍ പോളി നായകനായ ‘സഖാവ് ‘ സിനിമയുടെ കച്ചവട പ്രചരണത്തിനായി എം എല്‍ എ യെ കൂട്ടുപിടിച്ച് റോഡ് ഷോ നടത്തിയതിനെതിരെ express Kerala നല്‍കിയ വാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ നിരവധി പേരാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

തലശ്ശേരി എംഎല്‍എ യും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ എ എന്‍ ഷംസീറിനെ ഉദ്ഘാടകനാക്കി റോഡ് ഷോ നടത്തിയതും എസ് എഫ് ഐ പ്രവര്‍ത്തകര്‍ തലശ്ശേരി ബ്രണ്ണന്‍ കോളജിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലും നല്‍കിയ സ്വീകരണങ്ങളുമാണ് പ്രതിഷേധത്തിന് കാരണം.

മുന്‍ എസ് എഫ് ഐ നേതാക്കള്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

പ്രമുഖ കഥാകൃത്ത് പി വി ഷാജികുമാറിന്റെ ഭാര്യയും ഗവേഷണ വിദ്യാര്‍ത്ഥിയുമായ മനീഷ നാരായണന്‍, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ യൂണിവേഴ്സിറ്റി എസ്എഫ്ഐ ജനറല്‍ സെക്രട്ടറിയുമായിരുന്ന രജീഷ് കുമാര്‍ തൈവലപ്പള്ളി ഇദ്ദേഹത്തിന്റെ ഭാര്യയും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ യൂണിവേഴ്സിറ്റി ചെയര്‍പേഴ്സണുമായിരുന്ന തേജസ്വിനി ജെസി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധമറിയിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.

‘നെഹ്റു കോളേജിലെ പല വിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അവന്‍ വിദ്യാഭ്യാസ മന്ത്രിക്കും മാധ്യമങ്ങള്‍ക്കും മറ്റു പല സംഘടനകള്‍ക്കും കത്തുകളെഴുതിയിരുന്നു. ആരും തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല, അതിന്റെ ഒക്കെ പേരിലാണ് ജിഷ്ണുവിനെ മാനേജ്മെന്റ് കൊന്നു കളഞ്ഞത്. സി പി എം സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ ആവേശപൂര്‍വ്വം പങ്ക് ചേര്‍ന്ന ജിഷ്ണുവിനെ അവന്റെ പ്രൊഫൈലില്‍ കാണാം. എസ്എഫ്ഐ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു എന്നെഴുതി വെച്ചിരിക്കുന്നത് കാണാം. ജിഷ്ണു പ്രണോയിയേക്കാള്‍ വലിയ ഒരു ‘സഖാവി’നേയും തനിക്ക് ഈ കാലഘട്ടത്തില്‍ കേരളത്തില്‍ കാണാന്‍ കഴിയില്ലെന്ന് മനീഷ വ്യക്തമാക്കുന്നു.’പഠിക്കുക, സംഘടിക്കുക, പോരാടുക’ എന്ന പാര്‍ട്ടി മുദ്രാവാക്യം അതേപടി ജീവിതത്തില്‍ പകര്‍ത്തിവെച്ച സഖാവാണവന്‍. തന്റെ രാഷ്ട്രീയത്തിന് വേണ്ടി, ആദര്‍ശങ്ങള്‍ക്കു വേണ്ടി ഇല്ലായ്മ ചെയ്യപ്പെട്ടവന്‍’.

പ്രിയപ്പെട്ട സഖാക്കള്‍ അവന് വേണ്ടി കൈകള്‍ ഉയര്‍ത്തുകയും അവന് വേണ്ടി മുദ്രാവാക്യം വിളിക്കുകയും വേണമെന്ന് മനീഷ പറയുന്നു. മനീഷയുടെ വാക്കുകളില്‍ എസ്എഫ്ഐയോടുള്ള കടുത്ത രോഷം ദൃശ്യമാണ്.

ഒരു ഭാഗത്ത് സിനിമകള്‍ ചുവപ്പിനെയും രക്തസാക്ഷികളെയും കച്ചവട ചരക്കാക്കുമ്പള്‍ മറുഭാഗത്ത് ചുവപ്പിന്റെ പോരാളികള്‍ അതേ സിനിമകള്‍ക്ക് വേണ്ടി റോഡ് ഷോ നടത്തുകയാണെന്നാണ് രജീഷിന്റെ പ്രതികരണം. ചില പരിപാടികളില്‍ പങ്കെടുക്കുക എന്നതുപോലെതന്നെ ചില പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതും രാഷ്ട്രീയമാണെന്നും രജീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

സഖാവ് വര്‍ഗ്ഗീസിനെ കൊള്ളക്കാരനായി ചിത്രീകരിക്കുകയും സിനിമാ നടന്‍ നിവിന്‍ പോളിയെ സഖാവായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണു പുതിയ കാലത്തെ കമ്മ്യൂണിസമെങ്കില്‍ ആ കമ്മ്യൂണിസത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് തേജസ്വിനിയും കുറിച്ചു.

ഇടതുപക്ഷത്തെ സിനിമയിലൂടെ വിറ്റഴിക്കാനുള്ള ശ്രമമാണ് ഇത്തരം ശ്രമങ്ങളെന്ന വിമര്‍ശനവുമായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സംവിധായകന്‍ മനോജ് കാനയും രംഗത്ത് വന്നു.

ജനകീയ പങ്കാളിത്തത്തോടെയുളള ചായില്യം, അമീബ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മനോജ് കാനയാണ് ചുവന്ന കുപ്പായമിട്ടാല്‍ കമ്മ്യൂണിസ്റ്റ് ആവില്ല എന്ന വിമര്‍ശനം ഉന്നയിക്കുന്നത്.

കേരള സമൂഹത്തില്‍ ഇടതുപക്ഷത്തിനും ചുവപ്പിനും വലിയ സ്വാധീനമുണ്ട്. അതിനെ എങ്ങിനെ വിറ്റ് കാശാക്കി എടുക്കാം എന്നാണ് സിനിമാ മുതലാളിമാര്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമാണ് നിവിന്‍ പോളി ചുവന്ന കുപ്പായമിട്ട ‘സഖാവ് ‘ ഇത് മാര്‍ക്കറ്റിങ്ങ് തന്ത്രമാണെന്നും മനോജ് കാന അരോപിച്ചു.

ഷംസീറിനെ റോഡ് ഷോ ഉദ്ഘാടകനാക്കിയത് അദ്ദേഹം ഒരു പാര്‍ട്ടി നേതാവും എം.എല്‍.എയുമാണ് എന്നതുകൊണ്ട് തന്നെയാണ്. ഷംസീറിനെ പോലുള്ള നേതാവ് ഈ കച്ചവടത്തിന് കുട പിടിച്ചത് വളരെ മോശമായിപ്പോയെന്നും മനോജ് കാന പറഞ്ഞു.

തിങ്കളാഴ്ചയാണ് നിവിള്‍ പോളിയുടെ നേത്യത്വത്തിൽ എം എൽ എയെ ഉദ്ഘാടകനാക്കി സഖാവിന്റെ പ്രചാരണാര്‍ത്ഥം റോഡ് ഷോ നടത്തിയത്. നിരവധി എസ് എഫ് ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.

Top