പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ടം; കേസില്‍ പുതിയ വഴി തിരിവുകള്‍, ആള്‍മാറാട്ടം നടത്തിയത് ഉദ്യോഗാര്‍ഥിയുടെ സഹോദരന്‍

തിരുവനന്തപുരം: കേരള പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം നടത്തിയ കേസില്‍ പുതിയ വഴി തിരിവുകള്‍. ആള്‍മാറാട്ടം നടത്തിയത് ഉദ്യോഗാര്‍ഥിയുടെ സഹോദരനെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമല്‍ജിത്തിന്റെ സഹോദരന്‍ അഖില്‍ജിത്താണ് പരീക്ഷയെഴുതാന്‍ എത്തിയത്. പരീക്ഷാഹാളില്‍ നിന്ന് ഓടിരക്ഷപ്പെട്ടത് അഖില്‍ജിത്ത് എന്നാണ് കണ്ടെത്തല്‍. അഖില്‍ജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമല്‍ജിത്തെന്നും പൊലീസ് കണ്ടെത്തി. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്.

ഹാള്‍ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. ഇയാള്‍ പരീക്ഷയ്ക്ക് എത്തിയതും രക്ഷപ്പെടുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേമം മേലാംകോട് സ്വദേശി അമല്‍ജിത്ത് എന്ന പേരിലാണ് പരീക്ഷ എഴുതാന്‍ എത്തിയത്. അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്.

പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പരീക്ഷക്കെത്തിയ ആള്‍ ഇറങ്ങി ഓടിയത്. സംഭവത്തിന് പിന്നാലെ ആള്‍മാറാട്ടമെന്ന് സംശയിക്കുന്നതായി കാണിച്ച് അധികൃതര്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top