ഭോപാല്‍ : മുത്തലാക്കിനെതിരെ ചില മുസ്‌ളിം സ്ത്രീകള്‍ ഉയര്‍ത്തിയ പ്രതിഷേധം മറയാക്കി ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രക്ഷാധികാരിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ വൃന്ദ കാരാട്ട്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭയാശങ്കകള്‍ നേരിടുന്ന കാലത്ത് ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ലക്ഷ്യം പലതാണ്. പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ മുത്തലാക്ക് എതിര്‍ക്കപ്പെടണം.
ഏകപക്ഷീയമായ മുത്തലാക്കിനോടുള്ള എതിര്‍പ്പിനെ ഏകീകൃത സിവില്‍ കോഡിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ശ്രമം ചെറുക്കണം.
രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലെയും വ്യക്തിനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുകയാണ് ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
വ്യക്തിനിയമ പരിഷ്‌കരണം മുസ്ലിങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തരുത്. സ്ത്രീകള്‍ക്കെതിരായ എല്ലാ അക്രമങ്ങളെയും ഹിന്ദുത്വശക്തികള്‍ വര്‍ഗീയവല്‍ക്കരിക്കുകയാണ്. സ്ത്രീകളെ കടന്നാക്രമിക്കുന്നവരെ സംരക്ഷിക്കാനും അവര്‍ ശ്രമിക്കുന്നു.
ഹിന്ദുത്വവാദികളുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയും അവരുടെ സ്ത്രീദളിത് വിരുദ്ധതയെയും തുറന്നുപറയുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നു. തെറ്റ് ചൂണ്ടിക്കാട്ടുന്നത് ദേശവിരുദ്ധമാണെങ്കില്‍ നാമെല്ലാം ദേശവിരുദ്ധരാണെന്നാണ് സംഘപരിവാറിനെ ഓര്‍മപ്പെടുത്താനുള്ളതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.