ഇന്ത്യയിൽ ജിഹാദ് ഒരു ‘ സ്വപ്നം ‘ മാത്രം . . തുറന്ന് പറഞ്ഞ് മലയാളി ഐ എസ് തീവ്രവാദി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ‘ജിഹാദ്’ സ്വപ്നം മാത്രമാണെന്ന് മലയാളി ഐഎസ് തീവ്രവാദി. ജിഹാദിന് പകരം ഖിലാഫത്ത് ശക്തിപ്പെടുത്താന്‍ അഫ്ഗാനിസ്ഥാനിലേക്കു പോകാന്‍ അനുയായികളെ ആഹ്വാനം ചെയ്ത കാസര്‍കോട് സ്വദേശി അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടേതാണ് വെളിപ്പെടുത്തല്‍.

ഒരു പ്രമുഖ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ നേരിടുന്ന ‘വെല്ലുവിളികളെ’ക്കുറിച്ചും അഫ്ഗാനിസ്ഥാനിലെ വിശാലമായ ‘സാധ്യത’കളെക്കുറിച്ചും അബ്ദുല്‍ റാഷിദ് തുറന്നു പറഞ്ഞത്.

ഇന്ത്യയില്‍ ‘ജിഹാദ് നടത്തുന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണ്. ആദ്യം ഖിലാഫത്തു ശക്തമാക്കുകയാണു ചെയ്യേണ്ടത്. അതിനുശേഷം ഖിലാഫത്തിന്റെ അതിരുകള്‍ വികസിപ്പിക്കണമെന്നും അബ്ദുല്‍ റാഷിദ് പറഞ്ഞു. എല്ലാവരും കരുതുന്നതിനേക്കാള്‍ വേഗത്തിലാണു ഖിലാഫത്തിന്റെ വികസനമെന്നും അബ്ദുല്‍ റാഷിദ് അവകാശപ്പെട്ടു. ഈ ലോകം പൂര്‍ണമായും ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരികയാണു ഖിലാഫത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അതോടെ വ്യാജ ദൈവങ്ങള്‍ക്കു പകരം അല്ലാഹു മാത്രം ആരാധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും റാഷിദ് അവകാശപ്പെട്ടു.

നേരത്തെ, ഇസ്ലാമിക് സ്റ്റേറ്റിലേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി ഉണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രം തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദാണെന്നു ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു. തീവ്രവാദ സംഘത്തിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നു റാഷിദാണെന്ന സംശയം ഇതോടെ കൂടുതല്‍ ബലപ്പെട്ടിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ തൃക്കരിപ്പൂര്‍ – പടന്ന മേഖലയില്‍നിന്നു കാണാതായ 15 പേരെ അഫ്ഗാനിസ്ഥാനില്‍ എത്തിച്ചത് അബ്ദുല്‍ റാഷിദാണെന്നു നേരത്തേ സൂചന ലഭിച്ചിരുന്നു.

ഐഎസിനെ സംബന്ധിച്ചിടത്തോളം ‘അനുഗ്രഹത്തിന്റെ കപടമുഖ’മാണ് ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാരെന്നും റാഷിദ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ വലിയ രീതിയിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുന്നതു ദൃശ്യമാണ്. മറ്റു ഭാഗങ്ങളിലും കടുത്ത അനീതി അരങ്ങേറുന്നുണ്ടെങ്കിലും അതു തിരിച്ചറിയപ്പെടുന്നില്ലെന്നേയുള്ളൂ. ഇന്ത്യന്‍ ഭരണഘടനയെ മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാരെന്നും റാഷിദ് ആരോപിച്ചു. ഇത്തരം അനീതികള്‍ക്കുള്ള യഥാര്‍ഥമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മാത്രമെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഉണരുകയുള്ളൂവെന്നും റാഷിദ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മത പണ്ഡിതന്‍മാര്‍ അവിടുത്തെ മതസമൂഹത്തെ തെറ്റായ വഴിയിലാണ് നയിക്കുന്നത്. പ്രാര്‍ഥന, നോമ്പ്, ഹജ്ജ് നിര്‍വഹിക്കല്‍ തുടങ്ങിയ മതപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യയില്‍ അവസരമുണ്ടെങ്കിലും ‘ജിഹാദ്’ നടത്താന്‍ സാഹചര്യമില്ലാത്തതു വലിയ കുറവാണ്. തിന്‍മയ്‌ക്കെതിരായ പോരാട്ടമാണ് ഇസ്ലാമിന്റെ ലക്ഷ്യം. ഇന്ത്യയിലാകട്ടെ, മിക്കയിടങ്ങളും തിന്‍മയുടെ ശക്തികളുടെ സ്വാധീനത്തിലാണ്. ഇതിനെതിരായ പോരാട്ടമാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ നടത്തേണ്ടതെന്നും റാഷിദ് വ്യക്തമാക്കി.

ഐഎസ് ബന്ധം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ച നേതാവാണ് അബ്ദുല്‍ റാഷിദ് അബ്ദുല്ല.

Top