ലണ്ടൻ : ലണ്ടനിൽ ഭൂഗർഭ ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കു മുന്നിൽ സ്വയംഭോഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ നാൽപത്തിമൂന്നുകാരന് ഒൻപതു മാസം തടവുശിക്ഷ. പടിഞ്ഞാറൻ ലണ്ടനിലെ വെംബ്ലിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ മുകേഷ് ഷായെയാണ് ലണ്ടൻ ഇന്നർ ക്രൗൺ കോടതി കഴിഞ്ഞ മാസം കുറ്റക്കാരനായി കണ്ടെത്തിയത്.
2022 നവംബർ നാലിനാണ് ശിക്ഷാവിധിക്ക് കാരണമായ സംഭവം അരങ്ങേറിയത്. പരാതിക്കാരി സഡ്ബറിക്കും ആക്ടൻ നഗരത്തിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടെ രാത്രി 11.40ഓടെയായിരുന്നു സംഭവം.
മുകേഷ് ഷാ ട്രെയിനിൽ കയറി തന്റെ അടുത്തു വന്നിരുന്നു. തുടർന്ന് തന്നെ തുറിച്ചു നോക്കുകയും അസ്വസ്ഥതയുളവാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു. തുടർന്ന് അയാൾ തന്നെ നോക്കി സ്വയംഭോഗം ചെയ്തെന്നും സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.
ആ സമയം മനോധൈര്യം കൈവിടാതെ സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി. ദൃശ്യങ്ങൾ പകർത്തുന്നത് കാണുമ്പോൾ അയാൾ പിന്മാറുമെന്ന് കരുതിയെങ്കിലും അയാൾക്ക് ഭാവവ്യത്യാസമുണ്ടായില്ല. അയാളോട് അവിടെനിന്ന് എഴുന്നേറ്റു പോകാൻ ആവശ്യപ്പെട്ടപ്പോൾ താൻ തെറ്റൊന്നും ചെയ്തില്ലെന്നാണ് അയാൾ പറഞ്ഞതെന്നും സ്ത്രീ പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ സഹിതമാണ് അവർ ഷായ്‌ക്കെതിരെ ബ്രിട്ടിഷ് ട്രാൻസ്പോർട്ട് പൊലീസിൽ പരാതി നൽകിയത്.